X

രാജി സന്നദ്ധത അറിയിച്ച് നിതിന്‍ പട്ടേലും പത്ത് എംഎല്‍എമാരും; സ്വാഗതം ചെയ്ത് ഹര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്ത് ബിജെപിയില്‍ ഭിന്നത കൂടുതല്‍ രുക്ഷമായി. മുഖ്യമന്ത്രി വിജയ് രൂപാനിക്കെതിരെ ഉപമുഖ്യമന്ത്രിയായി പാര്‍ട്ടി നിശ്ചയിച്ച നിതിന്‍ പട്ടേല്‍ പരസ്യമായി രംഗത്തു വന്നതോടെ ബിജെപി നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായി. വകുപ്പു വിഭജനത്തെത്തുടര്‍ന്നുണ്ടായ അതൃപ്തിയില്‍ നിതിന്‍ പട്ടേലും പത്തു എംഎല്‍എമാരും രാജി സന്നദ്ധത അറിയിച്ചതായാണ് വിവരം. മുഖ്യമന്ത്രി വിജയ് രൂപാനിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ധനവകുപ്പും നഗരവികസന വകുപ്പും വേണമെന്ന പട്ടേലിന്റെ ആവശ്യം തള്ളിയതോടെയാണ് പ്രശ്‌നം സങ്കീര്‍ണമായത്. പ്രധാന വകുപ്പുകളില്‍ നിന്നും തന്നെ മാറ്റിയ രൂപാനിയുടെ നടപടിക്കെതിരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ രൂക്ഷമായാണ് പട്ടേല്‍ പ്രതികരിച്ചത്. ഇതിനു പിന്നാലെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പത്ത് എംഎല്‍എമാര്‍ക്കൊപ്പം താനും രാജിവെക്കുമെന്ന് മുന്‍മന്ത്രിയും വഡോദര എംഎല്‍എയുമായ രാജേന്ദ്ര ത്രിവേദിയും ഭീഷണി മുഴക്കിയിട്ടുണ്ട്.
അതേസമയം, പാട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതിയിലേക്ക് ഹര്‍ദിക് പട്ടേല്‍ നിതിന്‍ പട്ടേലിനെ സ്വാഗതം ചെയ്തു. പാര്‍ട്ടിയുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടും ബിജെപി അവഗണിക്കുന്നുവെങ്കില്‍ തങ്ങള്‍ക്കൊപ്പം ചേരാന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഹര്‍ദിക് പറഞ്ഞു.

chandrika: