തൃശൂര്‍: സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാമിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നു. നിഷാമിന്റെ നാട്ടുകാരാണ് ഇന്ന് ജന്‍മനാടായ മുറ്റിച്ചൂരില്‍ യോഗം വിളിച്ചിരിക്കുന്നത്. ഇതിനുവേണ്ടി അടിച്ചിറക്കിയ നോട്ടീസില്‍ നിഷാം കാരുണ്യവാനും ധനസഹായിയുമാണെന്ന് പറയുന്നു.
തൃശൂരിലെ ഒരു ഫഌറ്റില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ചും ചവിട്ടിയുമാണ് നിഷാം കൊലപ്പെടുത്തുന്നത്. പിന്നീട് കേസില്‍ നിന്ന് നിരവധി തവണ രക്ഷപ്പെടാന്‍ നിഷാം ശ്രമിച്ചിരുന്നു. ജയിലില്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സുഖസൗകര്യങ്ങള്‍ നിഷാമിനുണ്ടെന്നുള്ളതും വാര്‍ത്തയായിരുന്നു. സര്‍ക്കാരിന്റെ തടവുപുള്ളികള്‍ക്ക് ഇളവ് നല്‍കാനുള്ള പട്ടികയിലും ഇടം പിടിച്ച നിഷാമിന്റെ മോചനത്തിനായാണ് ഇപ്പോള്‍ ചിലരുടെ ശ്രമം. കാരുണ്യധര്‍മ്മസ്‌നേഹിയും, കായിക സംരംഭ പ്രവര്‍ത്തകനുമായ മുഹമ്മദ് നിഷാമിന്റെ ജയില്‍ മോചനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ ഒന്നിന് വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് എല്ലാ നാട്ടുകാരേയും മുറ്റിച്ചൂര്‍ സെന്റര്‍ മന്‍ഹല്‍ പാലസിലേക്ക് ക്ഷണിക്കുന്നുവെന്നാണ് നോട്ടീസിലുള്ളത്.
കോടികളുടെ സ്വത്തുള്ള നിഷാമിന്റെ മോചനത്തിന് മുന്‍കൈ എടുക്കുന്ന നാട്ടുകാര്‍ യാദൃശ്ചികമായ പ്രകോപനങ്ങളാണ് ചന്ദ്രബോസ് വധക്കിലേക്കെത്തിച്ചതെന്നാണ് ന്യായീകരിക്കുന്നത്.