തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ ജോസ് കെ. മാണി എം.പിയുടെ ഭാര്യ നിഷ ജോസ് കെ. മാണിക്കുണ്ടായ ദുരനുഭവം അന്വേഷിക്കാന്‍ ട്രെയിന്‍ എസ്.പി രംഗത്ത്. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ്.പി കെ കെ ജയമോഹന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക. ആരോപണത്തില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്ന പി.സി ജോര്‍ജ് എം.എല്‍.എയുടെ മകന്‍ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതിയിലാണ് റെയില്‍വേ പൊലീസ് കേസെടുത്തിരിക്കുന്നത്.
വിഷയത്തില്‍ തുടര്‍ പ്രതികരണത്തിനില്ലെന്ന് കഴിഞ്ഞ ദിവസം നിഷ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റെയില്‍വേ പൊലീസ് കേസെടുത്ത സ്ഥിതിക്ക് നിഷ ജോസിന് സഹകരിക്കേണ്ടിവരും. ട്രെയിന്‍ യാത്രയില്‍ ആരാണ് അപമര്യാദയായി പെരുമാറിയതെന്ന് അവര്‍ക്ക് വെളിപ്പെടുത്തേണ്ടി വരും. നിഷ ജോസ്, അന്നത്തെ ടി.ടി.ആര്‍ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തും. അന്നത്തെ യാത്രാവിവരങ്ങള്‍ ലഭിക്കാനും, ടി.ടി.ആറിനെ കണ്ടെത്താനും പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.
നിഷ ജോസിന്റെ ആരോപണത്തില്‍ തനിക്കെതിരെയുണ്ടായ വിവാദത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് പരാതി നല്‍കിയിരുന്നു. ഡി.ജി.പി ആദ്യം പരാതി തള്ളിയെങ്കിലും ഷോണ്‍ വീണ്ടും ഡി.ജി.പിയെ സമീപിച്ചതിനെ തുടര്‍ന്ന് അദ്ദേഹം റെയില്‍വേ പൊലീസിന് പരാതി കൈമാറുകയായിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
നിഷയുടെ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലെ ഒരു അധ്യായത്തിലാണ് ട്രെയിന്‍ യാത്രയിലെ ദുരനുഭവം വിവരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് ട്രെയിനില്‍ വരുന്ന വഴിക്ക് ഒരു പ്രമുഖ നേതാവിന്റെ മകന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പുസ്തകത്തിലുള്ളത്. വിഷയം ടി.ടി.ആറിനെ അറിയിച്ചെങ്കിലും രാഷ്ട്രീയനേതാവിന്റെ മകനായതിനാല്‍ ഇടപെടാന്‍ അദ്ദേഹം തയ്യാറായില്ലെന്ന് നിഷ പുസ്തകത്തില്‍ പറയുന്നു. അയാളെ ഇറക്കിവിട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നുവെന്ന് പറഞ്ഞ നിഷ അപമാനിക്കാന്‍ ശ്രമിച്ച ആളുടെ പേര് നിഷ വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് വിവാദമായപ്പോഴും പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്നായിരുന്നു നിഷയുടെ ഭാഗം.
പുസ്തകം പുറത്തിറങ്ങയതോടെ വന്‍ വിവാദമാണ് ഉണ്ടായത്. അപമാനിക്കാന്‍ ശ്രമിച്ചത് പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് ആണെന്ന പ്രചാരണം ശക്തിപ്പെട്ടു. വിഷയത്തില്‍ പി.സി ജോര്‍ജ്ജും രംഗത്തെത്തി. ഇതേത്തുടര്‍ന്ന് ഷോണ്‍ ജോര്‍ജ്ജ് ഡി.ജി.പിക്ക് പരാതി നല്‍കുകയായിരുന്നു.