X

വിവാദങ്ങള്‍ക്ക് തിരികൊളുത്തി നിഷ ജോസ് കെ മാണിയുടെ പുസ്തകം ‘ദ അദര്‍ സൈഡ് ഒഫ് ദിസ് ലൈഫ്’

പി.കെ.എ ലത്തീഫ്

കോട്ടയം: കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരുന്നതിനിടെ സോളാറും ബാര്‍കോഴയുമെല്ലാം പരാമര്‍ശിച്ച് കെ.എം. മാണിയുടെ മരുമകളും ജോസ് കെ. മാണി എംപിയുടെ ഭാര്യയുമായ നിഷ ജോസ് കെ. മാണിയുടെ പുസ്തകം പുറത്തിറങ്ങി.
ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ ആഗ്രഹങ്ങളും ആവലാതികളും അന്വേഷണങ്ങളും വിലയിരുത്തലുകളും വിവാദ വിഷയങ്ങളിലുള്ള പ്രതികരണവുമൊക്കെ പ്രതിപാദിക്കുന്ന ‘ദ അദര്‍ സൈഡ് ഒഫ് ദിസ് ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഇന്നലെ കോട്ടയത്ത് പ്രകാശനം ചെയ്തു.

224 പേജുള്ള പുസ്തകത്തില്‍ സോളാറും ബാര്‍കോഴയുമൊക്കെ കടന്നുവരുന്നുണ്ട്. വ്യക്തിപരമായ അനുഭവങ്ങളുടെ ദുരന്തങ്ങളെപ്പറ്റിയും പ്രതിബാധിക്കുന്നു. വ്യക്തിപരമായി തന്നെയും കുടുംബത്തെയും ആക്ഷേപിക്കുന്നതിനെപ്പറ്റി യും വിവരിച്ചിട്ടുണ്ട്.
ഓരോ വ്യക്തികളെയും മനസിലാക്കാവുന്ന സൂചനകള്‍ പുസ്തകം നല്‍കുന്നുണ്ട്. സോളാര്‍, സരിത, ബാര്‍ കോഴവിവാദം തുടങ്ങിയ കുടുംബത്തില്‍ നേരിട്ട ബുദ്ധിമുട്ടുകളെപ്പറ്റിയും പറയുന്നുണ്ട്. മകളുടെ സുഹൃത്ത് മകളോട് നിന്റെ അപ്പന് സരിതയെ അറിയാമല്ലേയെന്ന് ചോദിച്ചപ്പോള്‍ മകള്‍ കരഞ്ഞുകൊണ്ടു വീട്ടിലെത്തിയതും പറയുന്നു.
അശ്ലീല വാര്‍ത്തകള്‍ കാണിക്കാതെ കുട്ടികളെ മാറ്റിയതും നിഷ വിവരിക്കുന്നുണ്ട്. സോളാര്‍ കേസില്‍ പുതിയ ലിസ്റ്റുമായി ശത്രുവായ അയല്‍വാസി രംഗത്തെത്തിയപ്പോള്‍ ഞങ്ങള്‍ എല്ലാവരും കുട്ടികളോടൊപ്പം ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ലിസ്റ്റില്‍ ഭര്‍ത്താവിന്റെ പേര് ഉണ്ടെന്നു ശത്രുവായ അയല്‍വാസി പറയുമ്പോള്‍ കുട്ടികളെ മാറ്റുകയും ടിവി ഓഫ് ചെയ്യുകയും ചെയ്തു.

പിന്നീട് ഒരാഴ്ചത്തേക്ക് കുട്ടികളെ ടിവി കാണിച്ചില്ല. ശത്രുവാകുന്ന അയല്‍ക്കാരന്‍ കുടുബത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നു ബോധ്യമായപ്പോഴാണു ഫേ്സ്ബുക്കില്‍ പോസ്റ്റ് ഇടാന്‍ നിര്‍ബദ്ധിതനായത്.
കുടുംബത്തിനെതിരെ പലരും രംഗത്തുവരുമ്പോള്‍ ഇതെപ്പറ്റി അച്ചാച്ചനോട് സംസാരിച്ചപ്പോള്‍ കുരയുടെ ശബ്ദം ഉയരും തോറും സിംഹത്തിന്റെ പേടി കുറയുകയുള്ളുവെന്നും മറുപടി പറഞ്ഞതായും വിവരിക്കുന്നു. മകള്‍ സ്‌കൂളില്‍ പുതിയ ചെരുപ്പുമായി പോയപ്പോള്‍ വല്യപ്പച്ചന്‍ ബജറ്റ് വിറ്റ് ലഭിച്ചതുകൊണ്ടാണോ ചെരുപ്പ് വാങ്ങിയതെന്ന് കുട്ടിയോട് ചോദിച്ചപ്പോള്‍ ഏറെ വേദനയുണ്ടാക്കിയെന്നും ഓര്‍മ്മപ്പെടുത്തുന്നു.

രാഷ്ട്രീയക്കാരന്റെ ഭാര്യ ആയതിനുശേഷമുള്ള കൊച്ചു കൊച്ച് അനുഭവങ്ങളുടെ സമാഹരമാണ് പുസ്തകമെന്ന് നിഷ പറഞ്ഞു. 1993 നവംബര്‍ 14നായിരുന്നു വിവാഹം ഉറപ്പിച്ചത്. അന്നു മുതല്‍ കുത്തിക്കുറിച്ചതൊക്കെയാണ് പുസ്തകത്തിലുള്ളത്. 59 അധ്യായങ്ങളിലായി ഇംഗ്ളീഷിലാണു പുസ്തകം. മലയാളം പതിപ്പും ഉടന്‍ പുറത്തിറക്കും. 2015ലാണ് ആദ്യ പുസ്തകമിറങ്ങിയത്.
കോളജ് കാലത്തെ അനുഭവങ്ങളും പുസ്തകത്തിലുണ്ട്. കയാക്കിംഗ്, നീന്തല്‍ തുടങ്ങി പാഠ്യേതര വിഷയങ്ങളില്‍ അക്കാലത്ത് സജീവമായിരുന്നു. ഇതെല്ലാം അന്നു മുതലേ പുസ്തകത്തില്‍ കുറിച്ചു വയ്ക്കുമായിരുന്നു. രണ്ടര പതിറ്റാണ്ട് നീണ്ട ജീവിതത്തിലെ എല്ലാ പ്രധാന സംഭവങ്ങളും പുസ്തകത്തിലുണ്ട്. രണ്ട് വര്‍ഷമായി പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു. രാഷ്ട്രീയത്തിലേക്കിറങ്ങാനാണോ പുസ്തകം എഴുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ അതുമായി ഒരു ബന്ധവുമില്ല. ബാര്‍ കോഴയും സോളാര്‍ വിഷയുമായി ബന്ധപ്പെട്ട് വിട്ടിനുള്ളില്‍ നടന്നതും പുസ്തകത്തില്‍ രണ്ട് അധ്യായങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

chandrika: