ഹൈദരാബാദ്: റേഷന്‍ കടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വെക്കാത്തതിന് ക്ഷുഭിതയായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. തെലുങ്കാനയിലെ ഒരു റേഷന്‍ കടയില്‍ പരിശോധന നടത്തിയപ്പോള്‍ മോദിയുടെ ചിത്രം കാണാത്തതാണ് നിര്‍മലയെ ചൊടിപ്പിച്ചത്. അവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കലക്ടറെ പരസ്യമായി ശാസിച്ചു. കാമറെഡ്ഡി കലക്ടര്‍ ജിതേഷ് വി പാട്ടിലിനു നേരെയായിരുന്നു മന്ത്രിയുടെ ആക്രോശം.
കോവിഡ് പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനക്കു കീഴില്‍ കേന്ദ്രം പാവപ്പെട്ടവര്‍ക്ക് സൗജന്യ അരി വിതരണം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍മല സീതാരാമന്‍ കലക്ടറെ ശകാരിച്ചത്. ന്യായവില കടയിലെ അരിക്ക് കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം എത്രയെന്ന മന്ത്രി കലക്ടറോട് ചോദിച്ചു. കൃത്യമായ ഉത്തരം കിട്ടാതായതോടെ മന്ത്രി കലക്ടറോട് പൊട്ടിത്തെറിക്കുകയായിരുന്നു.
ബിജെപിയുടെ ലോക്‌സഭാ പ്രവാസ് യോജനയുടെ ഭാഗമായി സഹീറാബാദ് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു കേന്ദ്രമന്ത്രി. എന്നാല്‍ ഇതിനിടെ സമീപത്തെ ഒരു റേഷന്‍ കടയില്‍ മന്ത്രി മിന്നല്‍ പരിശോധന നടത്തുകയായിരുന്നു.
തെലുങ്കാനയിലെ റേഷന്‍ കടകളില്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബാനറുകള്‍ സ്ഥാപിക്കാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, കേന്ദ്ര ധനമന്ത്രിയുടെ നടപടിയെ തെലുങ്കാനയിലെ ഭരണകക്ഷിയായ ടി.ആര്‍.എസ് രൂക്ഷമായി വിമര്‍ശിച്ചു. തെലുങ്കാനയില്‍ വിതരണം ചെയ്യുന്ന പാചക വാതക സിലിണ്ടറുകളുടെ പുറത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും വിലയും പതിപ്പിച്ച് വിലക്കയറ്റത്തിനെതിരെ പ്രചാരണവും ടി.ആര്‍.എസ് ആരംഭിച്ചിട്ടുണ്ട്.