X

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയെ അപമാനിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തെ അപമാനിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചാണ് കേന്ദ്രമന്ത്രി പനീര്‍സെല്‍വത്തെ അപമാനിച്ചത്. ഇതേത്തുടര്‍ന്ന് കൂടിക്കാഴ്ചക്കായി ഡല്‍ഹിക്കു പോയ പനീര്‍സെല്‍വം അപമാനിതനായി തിരിച്ചു ചെന്നൈയിലെത്തി.

മന്ത്രിയുടെ ഓഫീസ് വരെ എത്തിയതിനു ശേഷം കൂടിക്കാഴ്ച സാധ്യമാകാത്തതിനെത്തുടര്‍ന്ന് മടങ്ങുകയായിരുന്നു. അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന രാജ്യസഭാ എം.പി വി.മൈത്രേയനെ ചേംബറിലേക്ക് വിളിപ്പിച്ചെങ്കിലും പനീര്‍സെല്‍വത്തെ കാണാന്‍ മന്ത്രി തയാറായില്ല. മൈത്രേയനെ മാത്രമേ കണ്ടിട്ടുള്ളൂവെന്നും ഒ.പി.എസിനെ കണ്ടിട്ടില്ലെന്നും ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയും ചെയ്തു.

ചികിത്സക്കായി മധുരയില്‍ നിന്ന് ചെന്നൈയിലേക്ക് തന്റെ സഹോദരനെ എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് അനുവദിച്ചതില്‍ പ്രതിരോധമന്ത്രിയെ നേരില്‍ കണ്ട് നന്ദി അറിയിക്കാനായിരുന്നു ഒ.പി.എസ് ഡല്‍ഹിയിലെത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും പനീര്‍സെല്‍വവും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നു. പനീര്‍സെല്‍വവും മൈത്രേയനും മന്ത്രിയുടെ ചേംബറിനു മുന്നില്‍ കാത്തിരുന്നു.

അല്‍പസമയത്തിനു ശേഷം മൈത്രേയനെ മാത്രം ചേംബറിലേക്ക് വിളിപ്പിച്ചെങ്കിലും ഒ.പി.എസിനെ കാണാന്‍ അനുവദിച്ചില്ല. ഇതിനിടെ പനീര്‍സെല്‍വവും നിര്‍മല സീതാരാമനും തമ്മില്‍ കൂടിക്കാഴ്ച നടന്നുവെന്ന വാര്‍ത്ത പ്രചരിക്കാനും ആരംഭിച്ചു. ഇതോടെ കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് മന്ത്രി തന്നെ നേരിട്ട് പ്രതികരിക്കുകയായിരുന്നു.

chandrika: