ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ പ്രതിസന്ധിയിലാക്കിയത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനുമാണെന്ന വാദവുമായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. യു.പി.എ ഭരണകാലത്താണ് ഇന്ത്യയില്‍ കിട്ടാകടം വര്‍ധിച്ചതെന്നും അവര്‍ ആരോപിച്ചു.
ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റ് സ്‌കൂള്‍ ഓഫ് ഇന്റര്‍ നാഷണല്‍ ആന്‍ഡ് പബ്ലിക് അഫേഴ്‌സില്‍ സംസാരിക്കവെയാണ് ലോകം അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധരായ ഇരുവരെയും ധനമന്ത്രി വിമര്‍ശിച്ചത്. ‘പൊതുമേഖലാ ബാങ്കുകളുടെ ഏറ്റവും മോശമായ കാലഘട്ടം മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയും രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയിലുമുണ്ടായിരുന്നപ്പോഴാണ്. രഘുറാം രാജന്‍ പറയുന്ന ഓരോ കാര്യങ്ങളും അദ്ദേഹത്തിന്റെ ഉള്ളില്‍ തട്ടിയാണെന്നതില്‍ എനിക്ക് സംശയമില്ല. ഇന്ന് ഞാന്‍ ഇവിടെയുണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഏറ്റവും മികച്ച കാലഘട്ടത്തില്‍ നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം തെരഞ്ഞെടുത്ത മികച്ച പണ്ഡിതനെന്ന നിലയില്‍ അദ്ദേഹത്തിന് അര്‍ഹമായ ബഹുമാനവും നല്‍കുന്നു. എന്നാല്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് രഘുറാം രാജനും മന്‍മോഹന്‍ സിങും കൂടിച്ചേര്‍ന്നതിനേക്കാള്‍ മോശമായ ഒരു ഘട്ടം ഉണ്ടായിട്ടില്ലെന്ന വസ്തുത മറച്ച് വെക്കാനാവില്ല. ആ ഉത്തരവാദിത്തം ഇരുവര്‍ക്കുമുണ്ട്’- നിര്‍മലാ സീതാരാമന്‍ കുറ്റപ്പെടുത്തി.
അടുത്തിടെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ധനമന്ത്രിയുടെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനുമായ പരകല പ്രഭാകരനും രംഗത്തെത്തിയിരുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ബാങ്ക് പ്രതിസന്ധിക്ക് കാരണം മന്‍മോഹന്‍ സിങ്ങാണെന്ന് നിര്‍മല സീതാരാമന്‍
Tags: Nirmala Seetharaman