X

നിര്‍ഭയ കേസ്: വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു

ഡിസംബര്‍ 16 കൂട്ടമാനഭംഗക്കേസിലെ നാലു പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റിസുമാരായ ദീപക് മിശ്ര അധ്യക്ഷനും ആര്‍ ഭാനുമതി, അശോക് ഭൂഷന്‍ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് വിധി. പ്രതികളായ മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് താക്കൂര്‍ എന്നിവരുടെ ശിക്ഷയാണ് ശരിവെച്ചത്.

സാകേതിലെ വിചാരണ കോടതി നേരത്തെ നാലു പ്രതികളേയും വധശിക്ഷക്കു വിധിച്ചിരുന്നു. ഇത് പിന്നീട് ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ തീര്‍പ്പ്.
പ്രതികളുടെ ലൈംഗിക വൈകൃതത്തിന് തെളിവാണ് സംഭവമെന്നും ഏതെങ്കിലും കേസില്‍ വധശിക്ഷ വിധിക്കുകയാണെങ്കില്‍ ആദ്യം വേണ്ടത് ഈ കേസിലാണെന്നും കോടതി പറഞ്ഞു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന പരാമര്‍ശം ഈ കേസില്‍ തീര്‍ത്തും ശരിയാണെന്ന് കോടതി പറഞ്ഞു. പെണ്‍കുട്ടിയുടേയും സുഹൃത്തിന്റെയും ദേഹത്ത് ബസ് കയറ്റിയതടക്കം തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചത് കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണവും കോടതിയില്‍ തെളിയിക്കപ്പെട്ടു. രക്ഷപ്പെട്ട സുഹൃത്തിന്റെ മൊഴികള്‍ കേസില്‍ നിര്‍ണായകമായി.
അഭിഭാഷകരും രക്ഷിതാക്കളും എഴുന്നേറ്റ് നിന്ന് കൈയടികളോടെയാണ് സുപ്രീംകോടതി വിധിയെ സ്വീകരിച്ചത്. കോടതി വിധിയില്‍ ആശ്വാസമുണ്ടെന്ന് പെണ്‍കുട്ടിയുടെ മാതാവ് പ്രതികരിച്ചു.
2012 ഡിസംബര്‍ 16ന് രാത്രിയാണ് ഡല്‍ഹിയിലെ മുനിര്‍ക്കയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 23കാരി കൂട്ടമാനഭംഗത്തിനിരയായത്. സാകേതില്‍നിന്ന് സുഹൃത്തിനൊപ്പം സിനിമ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങും വഴി ആറു പ്രതികള്‍ ചേര്‍ന്ന് ബസില്‍വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. അവശ നിലയില്‍ റോഡില്‍ തള്ളിയ പെണ്‍കുട്ടിയെ വഴിയാത്രക്കാരാണ് ആസ്പത്രിയില്‍ എത്തിച്ചത്. 13 ദിവസത്തെ ചികിത്സക്കുശേഷം സിംഗപ്പൂരിലെ സ്വകാര്യ ആസ്പത്രിയില്‍ മരണത്തിനു കീഴടങ്ങി.
ആറു പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം മൂന്നു വര്‍ഷത്തെ ദുര്‍ഗുണ പരിഹാര പാഠശാലാ വാസത്തിന് അയച്ചിരുന്നു. മറ്റൊരു പ്രതിയെ 2013ല്‍ വിചാരണക്കാലയളവിനിടെ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശേഷിച്ച നാലു പ്രതികളെയാണ് വിചാരണക്കോടതി ശിക്ഷിച്ചിരുന്നത്.
ദരിദ്ര കുടുംബ പശ്ചാത്തലത്തില്‍നിന്ന് വരുന്നവരും യുവാക്കളും ആണെന്നത് പരിഗണിച്ച് ദയ കാണിക്കണമെന്നും വധശിക്ഷ ഒഴിവാക്കണമെന്നും പ്രതികള്‍ക്കു വേണ്ടി ഹാജരായ അഡ്വ. എ.പി സിങ്, എം.എല്‍ ശര്‍മ്മ എന്നിവര്‍ കോടതി മുമ്പാകെ അപേക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട് പൊലീസ് ശേഖരിച്ച തെളിവുകളുടെ ആധികാരികത അഭിഭാഷകര്‍ കോടതിയില്‍ ചോദ്യം ചെയ്തു.
വധശിക്ഷക്കു പകരം ജീവിതകാലം മുഴുവന്‍ തടവ് ശിക്ഷ എന്നത് പരിഗണിക്കണമെന്നായിരുന്നു കേസില്‍ അമിക്കസ്‌ക്യൂറിമാരായി നിയമിച്ച മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, രാജു രാമചന്ദ്രന്‍ എന്നിവരുടെ നിലപാട്. ക്രിമിനല്‍ നടപടി ചട്ടം 235 അനുസരിച്ച് വധശിക്ഷ വിധിക്കുന്ന കേസുകളില്‍ പ്രത്യേകം പ്രത്യേകം വാദം കേള്‍ക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്ന് ഇരുവരും ആവര്‍ത്തിച്ചു. എന്നാല്‍ ഈ വാദം തള്ളിയാണ് സുപ്രീംകോടതി വധശിക്ഷ ശരിവെച്ചത്.

chandrika: