ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പ് കേസില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. ഇതു പുതിയ മോദി അഴിമതി ആണോയെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സിങ് സുജേര്‍വാലയുടെ ചോദ്യം.
ആരാണ് നീരവ് മോദി? ലളിത് മോദിക്കും, വിജയ് മല്യയ്ക്കും നല്‍കിയ പോലെ സര്‍ക്കാരില്‍ നിന്ന് ആരുടെയെങ്കിലും സഹായം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടോ? പൊതുജനത്തിന്റെ പണംകൊണ്ട് രക്ഷപെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണോ? ആരാണിതിന് ഉത്തരവാദിയെന്നും സുര്‍ജേവാല ചോദിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സോണല്‍ ഓഫീസ് ഡി.ജി.എം നീരവ് മോദിക്കെതിരെ ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ജനുവരി 29ന് തന്നെ സി.ബി.ഐ ജോയിന്റ് ഡയരക്ടര്‍ക്ക് കത്തയിച്ചിരുന്നു. എന്നിട്ടും മോദിയെ നാടുവിടാന്‍ സര്‍ക്കാര്‍ എന്തു കൊണ്ട് അനുവദിച്ചുവെന്നും അദ്ദേഹം ചോദിച്ചു.
വിവരാവകാശ പ്രവര്‍ത്തകനായ ഹരിപ്രസാദ് 2016 ജൂലൈയില്‍ തന്നെ തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തെഴുതിയിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ കണ്ടെ എക്കാലത്തേയും വലിയ ബാങ്ക് തട്ടിപ്പാണിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി, ധനകാര്യ മന്ത്രി, കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രി എന്നിവര്‍ ഒന്നും ചെയ്തില്ലെന്നും സുര്‍ജേവാല ആരോപിച്ചു. ബിജെപി സര്‍ക്കാരിന്റെ അനുമതിയോടെയല്ലാതെ നീരവ് മോദിയോ, വിജയ് മല്യയോ നാടുവിട്ടതെന്ന് വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
ജനുവരി 31ന് എഫ്‌ഐആര്‍ സമര്‍പ്പിക്കുന്നതിനു മുന്‍പ് നീരവ് രാജ്യം വിട്ടതെങ്ങനെയെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ചോദ്യം. രാജ്യം വിട്ടയാള്‍ ദാവോസില്‍ പ്രധാനമന്ത്രിക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. ഇരുവരും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പുറത്തുവിട്ടുകൊണ്ടായിരുന്നു യെച്ചൂരിയുടെ പ്രതികരണം. അതേ സമയം 2011-147 വരെ കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിട്ടും തട്ടിപ്പിനെതിരെ നടപടി എടുത്തില്ലെന്നായിരുന്നു ധനകാര്യ സഹമന്ത്രി എസ്.പി ശുക്ലയുടെ ഇതേ കുറിച്ചുള്ള മറുപടി. സര്‍ക്കാര്‍ ഇതേ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.