കോഴിക്കോട്: നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഭീതിത അന്തരീക്ഷമാണുള്ളത്. കോഴിക്കോട് പേരാമ്പ്ര സൂപ്പിക്കടയിലെ ചങ്ങരോത്ത് മൂസയുടെയും മറിയത്തിന്റെയും മക്കളായ സാബിത്തിനെയും സാലിഹിനെയുമാണ് ആദ്യം വൈറസ് കൊണ്ടുപോയത്. അതിനു പിന്നാലെ ഇന്നു പുലര്‍ച്ചെ മൂസയും മരിച്ചതോടെ ഭാര്യ മറിയവും ഏകമകനും ഒറ്റപ്പെട്ടലിന്റെ നിസഹായതയിലാണ്.
ഇന്നു രാവിലെ വരെയും മൂസക്ക് അസുഖം വിട്ടുമാറുമെന്ന പ്രതീക്ഷയിലായിരുന്നു മറിയവും മകനും. മറിയത്തിന്റെ നാല് ആണ്‍മക്കളില്‍ മൂന്നു പേരും അഞ്ചു വര്‍ഷത്തിനിടെ മരിച്ചു. നിപ്പ ബാധ ആദ്യം സ്ഥിരീകരിച്ചത് ഇവരുടെ വീട്ടില്‍ നിന്നായതിനാല്‍ ബന്ധുക്കള്‍ ആരും തന്നെ മറിയത്തിന്റെ വീട്ടിലെത്തുന്നില്ല. വൈറസ് ഭീതിയില്‍ സമൂഹം തങ്ങളെ ഒറ്റപ്പെടുത്തുകയാണ് മറിയം പറയുന്നു.
‘മകന്‍ സാബിത്തിനെ പനി ബാധിച്ച് പേരാമ്പ്ര താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവനൊപ്പം ഞാന്‍ എപ്പോഴും ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളും ഞാനാണ് ചെയ്തത്. എന്നിട്ടും എനിക്ക് രോഗം ബാധിച്ചില്ലല്ലോ?’ മറിയം ചോദിക്കുന്നു. സമൂഹം അനാവശ്യമായി ഭയപ്പെടുകയാണ്. രോഗം ബാധിക്കാത്ത ഞാനും എന്റെ മകനും മരിച്ചു പോയെന്നു വരെ കള്ളക്കഥകള്‍ മെനഞ്ഞു. ഇതൊക്കെ എന്തുകൊണ്ടാണെന്നും മറിയം ചോദിക്കുന്നു.
മരണവീടുകളില്‍നിന്ന് വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന പ്രചാരണം വന്നതോടെ പലരും ഇവരുടെ വീടിനടുത്തുനിന്നു ഒഴിഞ്ഞുപോയി. ബന്ധുക്കള്‍ അത്യാവശ്യ സഹായത്തിന് പോലും എത്താത്ത അവസ്ഥയിലാണ്.
മറിയത്തിന്റെ അവസ്ഥ തന്നെയാണ് നിപ്പ വൈറസ് ബാധയേറ്റ് മരിച്ച മറ്റുള്ളവരുടെ ബന്ധുക്കളുടെയും അവസ്ഥയും. തങ്ങളെ എന്തിനാണ് സമൂഹം ഒറ്റപ്പെടുത്തുന്നതെന്ന് മരിച്ച കൂരാച്ചുണ്ട് സ്വദേശി രാജന്റെ ബന്ധുക്കളും ചോദിക്കുന്നു.
ചൊവ്വാഴ്ചയാണ് രാജന്‍ മരിച്ചത്. മാവൂര്‍ റോഡ് വൈദ്യുത ശ്മശാനത്തില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന ദുരനുഭവങ്ങളും മരണവീട്ടിലേക്ക് ബന്ധുക്കളും പൊതുപ്രവര്‍ത്തരും എത്താത്തതിന്റെ നിരാശയുമാണ് കുടുംബാംഗങ്ങളുടെ വാക്കുകളിലുള്ളത്. പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലെ നഴ്‌സ് ലിനിയുടെ കുടുംബത്തിന്റെ കാര്യവും വ്യത്യസ്തമല്ല. ഫോണില്‍ വിളിച്ച് ബന്ധുക്കള്‍ കാര്യങ്ങള്‍ ആരായുന്നുണ്ടെങ്കിലും ലിനി മരിച്ചതോടെ പ്രദേശത്തുള്ള പലരും വീട് പൂട്ടി ബന്ധുവീടുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.
ആശങ്കക്കു പകരം അതീവ ശ്രദ്ധയെന്ന നിര്‍ദേശമാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും പലരും അത് ചെവിക്കൊള്ളുന്നില്ല.
അതിനിടെ, നിപ്പ വൈറസ് പകരുമോ എന്ന ഭീതിയില്‍ പേരാമ്പ്ര താലൂക്ക് ആസ്പത്രി ജീവനക്കാരെ ബസ് ജീവനക്കാര്‍ ബസില്‍ നിന്ന് ഇറക്കിവിട്ടു.