X

സമ്പർക്ക പട്ടികയിൽ 789 പേർ ; നിപ്പ സ്ഥിരീകരിച്ച മൂന്ന് പേരുടെയും റൂട്ട് മാപ് പ്രസിദ്ധീകരിച്ചു

ജില്ലയിൽ നിപ സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 789 പേരെ തിരിച്ചറിഞ്ഞു. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത് മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 281 പേരും ആണുള്ളത്. ചികിത്സയിൽ കഴിയുന്ന വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ 60 പേരും മരണപ്പെട്ടയാളുടെ ബന്ധുവിന്റെ സമ്പർക്ക പട്ടികയിൽ 77 പേരുമാണ് ഉള്ളത്. നിപ സ്ഥിരീകരിച്ച മൂന്ന് പേരുടെയും റൂട്ട് മാപ് ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചു.

നിപയുമായി ബന്ധപ്പെട്ട് മരുതോങ്കരയിലും ആയഞ്ചേരിയിലും ആയി 313 വീടുകളിൽ സർവേ നടത്തി. മരുതോങ്കരയിൽ രണ്ട് പേർക്കും ആയഞ്ചേരിയിൽ നാല് പേർക്കും പനി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച കാൾ സെന്ററിൽ ഇതുവരെ 326 ഫോൺ കോളുകൾ ലഭിച്ചു. 311 പേർ വിവരങ്ങൾ അറിയാനും നാല് പേർ സ്വയം കേസ് റിപ്പോർട്ട്‌ ചെയ്യാനുമാണ് കാൾ സെന്ററുമായി ബന്ധപ്പെട്ടത്.

നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയിൽ പതിനേഴ് ‘108 ‘ ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ ഹൈ റിസ്ക് കോണ്ടാക്റ്റിൽ നാല് പേർ സ്വകാര്യ ആശുപത്രിയിലും, എപ്പിഡെമോളജിക്കലി അൺലിങ്ക്ഡ് കേസുകളിൽ 13 പേരും മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലും നിരീക്ഷണത്തിലാണ്. നിപയുമായി ബന്ധപ്പെട്ട മാനസിക പിന്തുണ നൽകുന്നതിനായി സംവിധാനം ഒരുക്കിയിട്ടുണ്ട്.

രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ 75 റൂമുകളും, ആറ് ഐ സി യുകളും, നാല് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ 10 റൂമുകളും അഞ്ച് ഐ സി യുകളും, രണ്ട് വെന്റിലേറ്ററുകളും 10 ഐ സി യു കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം ഓൺലൈനായി ചേർന്നു.

വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്. ഇതിനായി പഴ വർഗങ്ങളുടെ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായുള്ള ആദ്യ കേന്ദ്ര സംഘം ജില്ലയിലെത്തി. ഡോ. രഘുവിന്റെ നേതൃത്വത്തിലുള്ള എൻ സി ഡി സിയിലെ സംഘം കൺട്രോൾ സെന്റർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

 

 

webdesk15: