കോഴിക്കോട്. നിപ രോഗം പിടിപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന വിദ്യാർത്ഥി ഉൾപ്പെടെയുള്ളവരുടെ ചികിത്സാ ചെലവ്പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്ന് കോഴിക്കോട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരും ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയയും ആവശ്യപ്പെട്ടു. നാദാപുരം നിയോജക മണ്ഡലത്തിലെ കള്ളാട് പ്രദേശത്താണ് ജില്ലയിൽ ആദ്യമായി നിപ്പ റിപ്പോർട്ട് ചെയ്തത്. ഗൃഹനാഥന് നിപ്പ പിടിപ്പെട്ടതിനെ തുടർന്ന് ഭീമമായ തുകയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് ചെലവഴിച്ചത്. തുടർന്ന് രോഗി മരണപ്പെടുകയും ചെയ്തു. മരണപ്പെട്ട വ്യക്തിയുടെ ഒൻപതുകാരനായ മകൻ നിലവിൽ വെന്റിലേറ്ററിലാണ്. വീട്ടുകാർ ഒന്നടങ്കം ക്വാറന്റീനിലായതിനാൽ പണം സ്വരൂപിക്കാൻ പോലും കഴിയാത്ത വിധം കുടുംബം പ്രയാസം നേരിടുകയാണ്. അവരുടെ ചികിത്സക്ക് വേണ്ടി ദിനേനെ ആശുപത്രി അധികൃതർ പണം ആവശ്യപ്പെടുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന കുടുംബത്തെ താങ്ങി നിർത്താൻ സർക്കാർ തയ്യാറാകണമെന്നും നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്നും യൂത്ത് ലീഗ് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇത് സംബന്ധമായി യൂത്ത് ലീഗ് ജില്ല കമ്മിറ്റി സർക്കാരിന് നിവേദനം നൽകി