കൊച്ചി: നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നതായി ആരോഗ്യ വകുപ്പ്. യുവാവിനെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള നടപടിക്രങ്ങളുടെ ഭാഗമായി രോഗിയെ പ്രവേശിപ്പിച്ചിരുന്ന ആസ്പത്രി അധികൃതര്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി തേടി. നിപ സംശയിക്കുന്ന ആരും തന്നെ ഇപ്പോള്‍ നിരീക്ഷണത്തില്‍ ഇല്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നിപ സംബന്ധിച്ച സംശയ നിവാരണത്തിനായി 0484 2368802 എന്ന നമ്പറിലേക്ക് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വിളിക്കാം.
അടുത്തിടെ വ്യാപകമായി എച്ച് 1 എന്‍ 1 പനി റിപ്പോര്‍ട്ട് ചെയ്ത് വരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും രോഗത്തിനെതിരെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. പനി, ചുമ, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും എച്ച്.1 എന്‍.1 രോഗബാധിതരില്‍ നിന്നും പുറത്തേക്ക് വരുന്ന രോഗാണുക്കള്‍ വഴിയാണ് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത്. സാധാരണ വരുന്ന ജലദോഷ പനി രണ്ടു ദിവസത്തിനുള്ളില്‍ കുറഞ്ഞില്ലെങ്കിലോ, പനി കൂടുകയാണെങ്കിലോ, ശ്വാസംമുട്ട്, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാലോ വിദഗ്ധ ചികിത്സ തേടണം.
നിപ: യുവാവിന്റെ ഡിസ്ചാര്‍ജിനായി മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി തേടി
Tags: nipah virus