കോഴിക്കോട്: നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് വൈറോളജി ലാബും മെഡിക്കല്‍ കോളജില്‍ പ്രത്യേക ഐസലേഷന്‍ ബ്ലോക്കും തുടങ്ങണമെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ്, കൗണ്‍സിലര്‍മാരായ പി. കിഷന്‍ചന്ദ്, നമ്പിടി നാരായണന്‍ എന്നിവര്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ ആവശ്യങ്ങള്‍ പ്രമേയമായി സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. നിപ്പ വലിയ ഭീതി ഉളവാക്കിയിട്ടുണ്ട്. ബസിലും റെയില്‍വേ സ്‌റ്റേഷനുകളിലും പോലും ആളില്ല. പരമാവധികാര്യങ്ങള്‍ സര്‍ക്കാരും നഗരസഭയും ചെയ്യുന്നുണ്ട്. കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ഗോപകുമാറിന്റെ മുഴുവന്‍ സമയപ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. ജാഗ്രതാസമിതികള്‍ വിളിച്ച് ചേര്‍ത്ത് മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ടതായും മേയര്‍.
നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട സംസ്ഥാനസര്‍ക്കാര്‍ സുത്യര്‍ഹ്യമായ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് കെ.വി ബാബുരാജ് പറഞ്ഞു. ഇത്തരം രോഗങ്ങളുടെ ചികിത്സക്കായി പ്രത്യേക ഐസലേഷന്‍ ആസ്പത്രി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിപ്പ വൈറസ് ബാധയില്‍ ജനങ്ങള്‍ ഭയത്തിലാണെന്ന് പ്രതിപക്ഷ കൗണ്‍സലര്‍മാര്‍ പറഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം കുന്നുകൂടുന്ന പ്രശ്‌നത്തെ ഗൗരവമായി കാണണം. മീഞ്ചന്ത ആര്‍ട്‌സ് കോളജിന് സമീപം, രാമകൃഷ്ണ മിഷന്‍ സ്‌കൂളിന് സമീപം, ബൈപ്പാസ് എന്നിവിടങ്ങളിലെ മാലിന്യം നീക്കം ചെയ്യണം. വാര്‍ഡ് തലത്തില്‍ വ്യാപകമായി മാലിന്യം ഇല്ലാതാക്കാന്‍ ബോധവത്ക്കരണം നടത്തണമെന്നും കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ജനങ്ങള്‍ ഭയാശങ്കയില്‍ കഴിയുന്ന സാഹചര്യത്തില്‍ പൊതു സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സി അബ്ദുറഹിമാന്‍ പറഞ്ഞു. ജില്ലയെ ഒന്നാകെ ഭയങ്കര ഭീതിയിലാക്കിയിരിക്കുകയാണ് നിപ്പ വൈറസ് ബാധയെന്ന് പി. കിഷന്‍ചന്ദ് പറഞ്ഞു. ഇത്തരം വൈറസ് ബാധ ചികിത്സക്ക് പ്രത്യേക ആസ്പത്രി ഉത്തമമാണ്. നഗരത്തില്‍ എലിപ്പനിയും ജപ്പാന്‍ ജ്വരവും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഗൗരവമായി കാണണം.
മഴക്കാലത്ത് തെരുവ് കച്ചവടക്കാര്‍ വൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഭക്ഷണവിതരണം നടത്തുന്നത് നിര്‍ത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലൈസന്‍സില്ലാത്ത കച്ചവടക്കാര്‍ ഭക്ഷണവിതരണം നടത്തുന്നുണ്ടെങ്കില്‍ നിര്‍ത്തലാക്കുമെന്ന് മേയര്‍ പറഞ്ഞു. നിപ്പ വൈറസുമായി ബന്ധപ്പെട്ട വ്യാജപ്രചരണം വ്യാപാരമേഖലയെ തകര്‍ത്തതായും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. മാലിന്യം ബീച്ചില്‍ കോര്‍പറേഷന്‍ മാലിന്യ തൊഴിലാളികള്‍ തന്നെ തള്ളുന്നതായി കൗണ്‍സിലര്‍ സി.കെ. സീനത്ത് പറഞ്ഞു. മാലിന്യം ബീച്ചില്‍ തള്ളിയ സംഭവത്തില്‍ അന്വേഷിച്ച് ശക്തമായി നടപടിയുണ്ടാകുമെന്ന് മേയര്‍. കൗണ്‍സിലര്‍മാരായ കെ.എം. റഫീഖ്, പി.കെ. ശാലിനി, കെ. നിര്‍മ്മല, വി. റാഹിയ, നിര്‍മ്മല, കെ.കെ. റഫീഖ്, എന്‍. സതീഷ് കുമാര്‍, മുഹമ്മദ് ഷമീല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
- 7 years ago
chandrika