കോഴിക്കോട്: നിപ്പ വൈറസ് ബാധ പകരുന്നത് വലിപ്പമേറിയ സ്രവങ്ങളില്‍ നിന്നാണ് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി ഡോ.ജി അരുണ്‍കുമാര്‍. കാലിക്കറ്റ് പ്രസ് ക്ലബില്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നിപ്പ വൈറസ് ബാധിച്ചവര്‍ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ആണ് ഉമിനീര്‍ പോലുള്ള സ്രവങ്ങള്‍ തെറിക്കാന്‍ സാധ്യതയുള്ളത്. ഇത് ഒര മീറ്ററിലധികം പോവില്ല. ചെറിയ കണങ്ങളില്‍ നിപ്പ വൈറസിന് അതിജീവിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നിപ്പ ബാധിച്ച് മരിച്ച 17 പേരില്‍ 16 പേര്‍ക്കും വൈറസ് ബാധയുണ്ടായത് ആദ്യം മരിച്ച സാബിത്തില്‍ നിന്നാകാമെന്നാണ് നിഗമനം. ഇതുവരെ സംഭവിച്ച നിപ്പ വൈറസ് മരണം, സാഹചര്യങ്ങള്‍, സംഭവങ്ങള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് ഈ നിഗമനം. രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പാണ് ഇവര്‍ക്കെല്ലാം പകര്‍ന്നത്. രണ്ടാംഘട്ടത്തില്‍ ഒരാള്‍ക്കു മാത്രമാണ് രോഗം ബാധിച്ചത്.
പനി മൂര്‍ഛിക്കുന്ന സമയത്തു മാത്രമേ വൈറസ് പകരുകയുള്ളൂ. കടുത്ത പനി ആരംഭിച്ച് 48 മുതല്‍ 72 മണിക്കൂറിനുള്ളില്‍ പുറത്തുവരുന്ന ശരീരസ്രവങ്ങളിലൂടെയാണ് ഇത് പകരുന്നത്. ഇവരുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്കു മാത്രമേ പകരാന്‍ സാധ്യതയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.