കോഴിക്കോട് നിപ സംശയത്തോടെ രണ്ടു പേര്‍ മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. നേരത്തെ നിപ സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും 15 കിലോമീറ്റര്‍ ചുറ്റളവിലാണ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്. കുറ്റിയാടി, നാദാപുരം മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണ് ഇവ. ആരോഗ്യ വകുപ്പ് ഇന്ന് കോഴിക്കോട് ഉന്നത തല യോഗം ചേരും.
ഇന്നലെ മരിച്ച വ്യക്തിക്ക് ഓഗസ്റ്റ് 30 ന് മരിച്ച മരുതോങ്കര സ്വദേശിയുമായി സമ്പര്‍ക്കമുണ്ടായിരുന്നതായാണ് വിലയിരുത്തല്‍. പ്രഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചെങ്കിലും പൂനെ വൈറോളജി ലാബിലെ പരിശോധനയ്ക്ക് ശേഷം മാത്രമെ മരണകാരണം നിപയാണെന്ന് ഉറപ്പിക്കുകയുള്ളു. സാമ്പിളുകള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.
മരിച്ച വ്യക്തിയുടെ സഹോദരി ഭര്‍ത്താവും മകനുമാണ് ചികിത്സയിലുള്ള മറ്റുള്ളവര്‍. സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയിലുള്ളത്. ഇതിനിടെ മരിച്ച രോഗികളുമായി പ്രാഥമികമായി സമ്പര്‍ക്കത്തിലായിരുന്നവരെ ഐസോലേഷനിലാക്കാനുള്ള ഇടപെടല്‍ നടന്നിട്ടുണ്ട്. പരിശോധന ഫലത്തില്‍ രോഗം സ്ഥിരീകരിച്ചാല്‍, നിപ പ്രോട്ടോകോള്‍ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും.