വീണ്ടും നിപയുടെ പേടിയിലാണ് കേരളം. പനിബാധിച്ച് 2 പേര്‍ കോഴിക്കോട് മരണപ്പെട്ടതോടെയാണ് വീണ്ടും നിപാ രോഗ ഭീതി ഉടലെടുക്കുന്നത്. മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് ജാഗ്രതനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
എന്താണ് നിപ വൈറസ്?
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന സൂനോറ്റിക് രോഗമാണ് നിപയെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. പഴകിയ ഭക്ഷണത്തില്‍ നിന്നോ, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കുമോ ഇത് പകരാം. ലോകത്ത് നിപ ആദ്യമായി സ്ഥിരീകരിച്ചത് മലേഷ്യയിലാണെന്നാണ് റിപ്പോര്‍ട്ട്. പന്നികളില്‍ നിന്നായിരുന്നു മലേഷ്യയില്‍ അക്കാലത്ത് നിപ വൈറസ് പകര്‍ന്നിരുന്നത്. പിന്നീട് ബംഗ്ലാദേശിലും ഇന്ത്യയിലും രോഗം സ്ഥിരീകരിച്ചു.
രോഗബാധയുള്ള വവ്വാലുകളുടെ മൂത്രമോ ഉമിനീരോ കലര്‍ന്ന പഴങ്ങള്‍ ഭക്ഷിച്ചതിലൂടെയാണ് ഇരു രാജ്യങ്ങളിലും നിപ വൈറസ് പടര്‍ന്നതെന്നാണ് നിഗമനം. പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ് നിപ.
നിപയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം?
അണുബാധയേറ്റവരില്‍ അഞ്ച് മുതല്‍ 14 ദിവസത്തിന് ശേഷമായിരിക്കും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമാണ് പ്രധാനലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിച്ചേക്കാം.
നിപയെ പേടിക്കേണ്ടതുണ്ടോ?
നിപ രോഗബാധിതരായ പലരും പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരുമെങ്കിലും ചിലരില്‍ നിപ മൂലം തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാകാനും സാധ്യതയുണ്ട്. 40 മുതല്‍ 75 ശതമാനം വരെയാണ് മരണനിരക്ക്. രോഗബാധിതരില്‍ ന്യമോണിയ ഉണ്ടാകുന്നതായും, ശ്വസനസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
നിപ പകരുന്നത് എങ്ങനെ?
അതിവേഗം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള നിപ വൈറസിന്റെ പ്രധാനവാഹകരാണ് പഴംതീനി വവ്വാലുകള്‍. പന്നികളില്‍ നിന്നും വവ്വാലുകളില്‍ നിന്നുമാണ് രോഗം പടരുന്നത്. നേരത്തെ കേരളത്തില്‍ നിപവൈറസ് പടര്‍ന്നത് വവ്വാലുകളില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു.
നിപയെ തടയാന്‍ മരുന്നുകളുണ്ടോ?
നിപ വൈറസിനെ പ്രതിരോധിക്കാന്‍ മരുന്ന് കണ്ടെത്തിയിട്ടില്ല. നിപയെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം കൃത്യമായി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക മാത്രമാണ്.
നിപയെ എങ്ങനെ പ്രതിരോധിക്കാം?
അസുഖബാധയുള്ള വവ്വാലിന്റെ കാഷ്ടം, മൂത്രം, ഉമിനീര്‍ തുടങ്ങിയവ മനുഷ്യ ശരീരത്തിലെത്തിയാല്‍ അത് രോഗത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
രോഗം ബാധിച്ച വ്യക്തികളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ കൈകാലുകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കുക. രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കാന്‍ ശ്രമിക്കുക. രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുന്നതാണ് ഉചിതം. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുക. വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകി വൃത്തിയാക്കാനും ഉണക്കാനും ശ്രദ്ധിക്കുക.
വൈറസ് ബാധിച്ച രോഗിയെ പരിചരിക്കുന്നവര്‍ കൈയ്യുറയും മാസ്‌ക്കും ധരിക്കണം
വൈറസ് ബാധിച്ച വ്യക്തി മരിച്ചാല്‍ മുഖത്തു ചുംബിക്കുക, കവിളില്‍ തൊടുക എന്നിവ ഒഴിവാക്കുക. മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് കുളിപ്പിക്കുന്നവര്‍ മുഖം തുണികൊണ്ട് മറക്കണം. മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികള്‍ ദേഹം മുഴുവന്‍ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.