കോഴിക്കോട്: ജില്ലയില്‍ 12 വയസുകാരന്‍ മരിച്ചത് നിപ ബാധയേറ്റാണെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇന്നലെ രാത്രി വൈകി ഈ വിവരം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചു. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണ്.
കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയല്‍വാസികളും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പോലീസ് അടച്ചിട്ടുണ്ട്. നിരീക്ഷണത്തിലിരിക്കുന്ന ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇതുവരെ ഇല്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. സമ്പര്‍ക്ക പട്ടിക ഇന്നലെ രാത്രി മുതല്‍ തന്നെ തയ്യാറാക്കിവരികയാണെന്നും മന്ത്രി അറിയിച്ചു. മാവൂര്‍ മുന്നൂര്‍ സ്വദേശിയായ 12 വയസുകാരനാണ് ഇന്ന് പുലര്‍ച്ചയോടെ നിപ ബാധിച്ച് മരിച്ചത്.
സാധാരണ പനി എന്ന നിലയില്‍ തുടക്കം ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ കാണിച്ചത്. ഭേദമാകാതിരുന്നതോടെ പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവിടെ നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചു. കടുത്ത പനിയും മസ്തിഷ്‌ക ജ്വരവും ഛര്‍ദിയും കണ്ടെത്തിയതോടെ നിപ സംശയിക്കുകയായിരുന്നു. ഇതോടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു.