നിപ സ്ഥിരീകരിച്ച ചാത്തമംഗലത്ത് വിദഗ്ധ സംഘം പരിശോധന നടത്തുന്നു. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. 25 വീടുകള്‍ക്ക് ഒരു സംഘം എന്ന നിലയിലാണ് വിവര ശേഖരണം നടത്തുന്നത്.
ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ടുകാരന് നിപ ബാധിച്ചത് എവിടെ നിന്നാണ് എന്ന് കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദ പരിശോധന നടക്കുന്നത്. കുട്ടിയുടെ വീട്ടിലുണ്ടായിരുന്ന ആടിന് അസുഖ ബാധയുണ്ടായിരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിസര പ്രദേശത്തുള്ള ആടുകളില്‍ നിന്നും സാമ്പിള്‍ ശേഖരിക്കുന്നുണ്ട്. പ്രദേശത്ത് വവ്വാലിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വവ്വാലിന്റെ സാമ്പിള്‍ ശേഖരിക്കാനുള്ള ശ്രമവും നടക്കുന്നു.