X

കോഴിക്കോട് പകര്‍ച്ച പനിക്ക് പിന്നില്‍ നിപ്പ വൈറസ്; മരണം അഞ്ചായി, ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: കോഴിക്കോട്ട് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വൈറല്‍ പനിക്ക് കാരണം നിപ്പ വൈറസ് എന്ന് സ്ഥിരീകരണം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിതയാണ് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചത്. മണിപ്പാല്‍ വൈറോളജി ലാബില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് വൈറസ് തിരിച്ചറിഞ്ഞത്.

അതേസമയം വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്ന കൂട്ടാലിട സ്വദേശി ഇസ്മയില്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നീ രണ്ടുപേര്‍കൂടി ഇന്ന് വൈകീട്ട് മരിച്ചു. കഴിഞ്ഞ പത്ത് ദിവസമായി ഇസ്മയിലും, ഒരാഴ്ചയായി വേലായുധനും ചികിത്സയിലായിരുന്നു.ആദ്യ മരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്നും വളരെ ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ മരിച്ച രണ്ട് പേരും. അതുകൊണ്ട് തന്നെ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ചിട്ടുണെന്ന ആശങ്കയുണ്ട്.രോഗലക്ഷണങ്ങളുമായി കൂടുതല്‍ പേര്‍ ചികിത്സ തേടിയിട്ടുണ്ടെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്നും രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തിയ ആള്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

വൈറസ് ബാധയേറ്റ വവ്വാലുകള്‍, പന്നികള്‍ എന്നിവയില്‍ നിന്നാണ് രോഗം പടരുന്നത്. പനി, തലവേദന, തലകറക്കം എന്നിവയാണ് ലക്ഷണങ്ങള്‍ . ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ആരംഭിച്ചു. പനി പ്രതിരോധിക്കാന്‍ ജില്ലതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ ഉന്നത തലയോഗം തീരുമാനിച്ചിട്ടുണ്ട്. അടിയന്തര ചികിത്സ സഹായത്തിന്റെ ചുമതല ഈ ടാസ്‌ക് ഫൊഴ്‌സ് വഹിക്കും. മെഡിക്കല്‍ കോളേജില്‍ 25 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. സമാന വൈറസ് പനി കണ്ടെത്തിയവരെയാണ് നിരീക്ഷിക്കുന്നത്.

നിപ്പാം വൈറസിനെതിരെ മുന്‍ കരുതല്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് വിദഗ്ദര്‍. ഈ വൈറസ് ബാധിച്ചതിനു ശേഷമുള്ള ചികിത്സ വേണ്ടത്ര ഫലപ്രദമല്ലാത്തതിനാല്‍, രോഗബാധയ്ക്ക് മുന്നേയുള്ള പ്രതിരോധമാണ് ഏക പോംവഴിയെന്നാണ് ആരോഗ്യവകുപ്പിന്റെ  നിര്‍ദേശം.

chandrika: