X

നിപ്പ: നിരീക്ഷണ പട്ടികയില്‍ ആരുമില്ല; ജാഗ്രത തുടരും

 

കോഴിക്കോട്: നിപ്പ വൈറസ് പൂര്‍ണമായും പിന്‍വാങ്ങിയെന്ന് നിഗമനം. നിരീക്ഷണപ്പട്ടികയില്‍ നിലവില്‍ ആരുമില്ല. അതേസമയം, ജാഗ്രതാ പ്രവര്‍ത്തനം ഈ മാസം 30 വരെ തുടരും. നിപ്പ വൈറസ് ബാധയില്‍ നിന്ന് രക്ഷപ്പെട്ട നഴ്‌സിങ് വിദ്യാര്‍ത്ഥി അജന്യയും മലപ്പുറം സ്വദേശി ഉബീഷും ഈ മാസം 11നും 14നും ആസ്പത്രി വിട്ടു. അജന്യ ക്ലാസില്‍ പോയിത്തുടങ്ങി. ഉബീഷ് ജോലിയില്‍ സജീവമായി. കഴിഞ്ഞ ദിവസം ചികിത്സ തേടിയ കോഴിക്കോട്, പാലക്കാട് സ്വദേശികള്‍ക്കും നിപ്പ ബാധിച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.
18 പേര്‍ക്കാണ് നിപ്പ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ 16 പേര്‍ മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മുഹമ്മദ് സാബിത്ത് ആണ് നിപ്പ സംശയത്താല്‍ മെയ് അഞ്ചിന് മരിച്ചത്. സാബിത്തിന്റെ രക്തസാമ്പിളും മറ്റും പരിശോധിക്കാന്‍ സാധിച്ചിരുന്നില്ല.
രോഗികളുമായി അടുത്ത് ഇടപഴകിയവരെ പ്രത്യേകം നിരീക്ഷിച്ചിരുന്നു. 2649 പേരാണ് നിരീക്ഷണപ്പട്ടികയില്‍ നേരത്തെ ഉണ്ടായിരുന്നത്. ഇന്‍ക്യുബേഷന്‍ പിരിയഡ് കഴിയുന്ന മുറക്ക് നിരീക്ഷണപ്പട്ടികയില്‍ ആളുകള്‍ കുറഞ്ഞു വന്നു. ഈ മാസം 15ഓടെ അത് 892 ആയി കുറഞ്ഞിരുന്നു. ഇപ്പോള്‍ ആരുമില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ പറയുന്നത്. 320 സാമ്പിളുകള്‍ ഇതിനകം പരിശോധിക്കുകയുണ്ടായി.
രോഗം ഭീതി പരത്തിയ സാഹചര്യത്തില്‍ വെസ്റ്റ്ഹില്‍ അതിഥി മന്ദിരത്തില്‍ സെല്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ മാസം 15ഓടെ സെല്ലിന്റെ പ്രവര്‍ത്തനം ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക്് മാറ്റി. അതേസമയം, നിപ്പ വൈറസിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. എന്‍.സി.ഡി.സി ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ ഇക്കാര്യത്തില്‍ പഠനം തുടരുകയാണ്. സംയുക്തപഠനം എന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നിപ്പ ബോധവല്‍ക്കരണത്തിനും രോഗികളെ ശുശ്രൂഷിക്കുന്നതിനും മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയും മറ്റും ജൂലൈ ഒന്നിന് ആദരിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കും. നിപ്പ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതി ചര്‍ച്ച ചെയ്യും.

chandrika: