X

നിപ്പ വൈറസ് ബാധിച്ച് മരിച്ച നഴ്‌സിന് ആദരവുമായി ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: നിപ്പ രോഗിയെ ചികിത്സിച്ചതിനെതുടര്‍ന്ന് വൈറസ് ബാധിച്ച് മരിച്ച മലയാളി നഴ്‌സ് ലിനി പുതുശ്ശേരിക്ക് ആദരവുമായി ലോകാരോഗ്യ സംഘടന. ഡബ്ല്യു.എച്ച്.ഒ വര്‍ക്‌ഫോഴ്‌സ് ഡയരക്ടര്‍ ജിം കാംപല്‍ ആണ്് ട്വിറ്ററിലൂടെ ലിനിയുടെ സേവനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. അവരെ നമ്മള്‍ ഓര്‍ക്കണം, അല്ലെങ്കില്‍ മറന്നു പോകും: റസാന്‍ അല്‍ നജ്ജാര്‍ (ഗസ്സ), ലിനി പുതുശ്ശേരി (ഇന്ത്യ) സാലോം കര്‍വ്വ (ലൈബീരിയ) – വുമണ്‍ ഇന്‍ ഗ്ലോബല്‍ ഹെല്‍ത്ത്, നോട്ട് എ ടാര്‍ഗറ്റ് എന്ന ഹാഷ് ടാഗിലൂടെ കാംപല്‍ അനുസ്മരിച്ചു.
പേരാമ്പ്ര താലൂക്ക് ആസ്പത്രിയില്‍ നഴ്‌സ് ആയിരുന്ന ലിനിക്ക്, ഇവിടെ നിപ്പ ബാധിതരെ പരിചരിച്ചതു വഴിയാണ് വൈറസ് ബാധയുണ്ടായത്. മെയ് 21ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലായിരുന്നു ലിനിയുടെ മരണം. അവസാന നിമിഷങ്ങളില്‍ ലിനി ഭര്‍ത്താവിന് അയച്ച സന്ദേശങ്ങള്‍ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണങ്ങള്‍ക്കിടയില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ചാണ് റസാന്‍ അല്‍ നജ്ജാര്‍ ലോകത്തിന്റെ ഹൃദയം കീഴടക്കിയത്. ഇസ്രാഈല്‍ സൈന്യത്തിന്റെ വെടിയേറ്റ് ജൂണ്‍ മൂന്നിനാണ് അവര്‍ മരിച്ചത്. ഫലസ്തീനി ജനതയോട് ഇസ്രാഈല്‍ കാണിക്കുന്ന ക്രൂരത ലോകത്തിന് മുമ്പില്‍ ഒരിക്കല്‍കൂടി തുറന്നിടുന്നതായിരുന്നു റസാന്‍ അല്‍ നജ്ജാറിന്റെ ജീവിതവും മരണവും. വികാര ഭരിതമായിരുന്നു റസാന്റെ വിലാപയാത്ര പോലും.
പശ്ചിമ ആഫ്രിക്കയില്‍ മാരക രോഗമായ എബോള പടര്‍ന്നു പിടിച്ചപ്പോള്‍ തുല്യതയില്ലാത്ത സേവന മനസ്സുമായി ആതുര രംഗത്ത് നിലയുറപ്പിച്ച വനിതയായിരുന്നു ലൈബീരിയന്‍ സ്വദേശിനിയായ സാലോം കര്‍വ്വ. ഒരിക്കല്‍ എബോളയെ അതീജീവിച്ച അവര്‍ പിന്നീടുള്ള തന്റെ ജീവിതം എബോള ബാധിതരെ പരിചരിക്കുന്നതിനായി മാറ്റിവെച്ചു. 2014ല്‍ അവരെ ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തിരുന്നു. രണ്ടു വര്‍ഷം മുമ്പ് പ്രസവ സമയത്തെ സങ്കീര്‍ണതയെതുടര്‍ന്ന് ചികിത്സ കിട്ടാതെ കര്‍വ്വ മരണത്തിനു കീഴടങ്ങി. എബോള പടരുമെന്ന ഭീതി കാരണം ഇവര്‍ക്ക് ചികിത്സ നല്‍കാന്‍ ആരും തയ്യാറായിരുന്നില്ല.

chandrika: