കോഴിക്കോട്: നീണ്ട നിപ ഭീതിക്കുശേഷം നിപ വൈറസ് ബാധയുടെ ആശങ്കയൊഴിയുകയാണെന്ന് ആരോഗ്യവകുപ്പ്. കഴിഞ്ഞ നാല്‍പ്പത്തെട്ട് മണിക്കൂറിനുള്ളില്‍ ആര്‍ക്കും തന്നെ രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്ല. നിലവില്‍ നിപ സ്ഥിരീകരിച്ച ഒരാള്‍ പോലും ചികിത്സയില്‍ ഇല്ല എന്നതും ആരോഗ്യവകുപ്പിന് ആശ്വാസമാകുന്നുണ്ട്.
അവസാനമായി നിപ ബാധിച്ച് മരിച്ചവരാണ് രസിനും അഖിലും. മെഡിക്കല്‍ കോളേജിലേക്ക് നിപ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തിയവരില്‍ രക്തസാമ്പിളുകളെല്ലാം നിലവില്‍ നെഗറ്റീവാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച നഴ്‌സിംഗ് സ്റ്റുഡന്റിനും മലപ്പുറം സ്വദേശിക്കും നിപ വൈറസ് ഇല്ലെന്നാണ് രണ്ടാമത്തെ പരിശോധനഫലം . ഇതോടെ രോഗം സ്ഥിരീകരിച്ച ആരും ആശുപത്രിയില്‍ ചികിത്സയിലില്ല.
അതേസമയം, നിപ വൈറസില്‍ നിന്നും പൂര്‍ണ്ണമായും മുക്തമായി എന്ന് റിപ്പോര്‍ട്ടില്ല. രോഗം ബാധിച്ച അവസാന വ്യക്തിയുടെ ഇന്‍ക്യുബേഷന്‍ കാലാവധി കഴിഞ്ഞ് മറ്റൊരാള്‍ക്കും അസുഖം പകര്‍ന്നില്ല എന്ന് അറിയുന്നതുവരെ പൂര്‍ണ്ണമായും മുക്തമായി എന്ന് പറയാന്‍ കഴിയില്ല.