തിരുവനന്തപുരം: നിപാ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്നത് സഭ നിര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചു. പ്രതിപക്ഷത്തു നിന്നും എം.കെ.മുനീറാണ് രാവിലെ അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.
അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ഇന്നുച്ചക്ക് ചര്‍ച്ച നടക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിന് ശേഷം ആദ്യമായാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്‍കുന്നത്.
നിപാ വൈറസിനെപ്പറ്റി ഭീതി പരത്തുന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പടരുന്ന വ്യാജ പ്രചാരണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയം നല്‍കിയത്. ഇന്നത്തെ എല്ലാ നടപടികളും മാറ്റിവച്ചാണ് ചര്‍ച്ച നടത്തുന്നത്. നിപാ വൈറസ് ബോധവത്കരണത്തെക്കുറിച്ച് ആരോഗ്യമന്ത്രി സഭയില്‍ നടത്താനിരുന്ന പ്രസ്താവനയും മാറ്റിവച്ചു.