X
    Categories: MoreViews

നിപ വൈറസ്: മൂസയുടെ മൃതദേഹം ദഹിപ്പിക്കില്ല; മറവു ചെയ്യും

കോഴിക്കോട്: നിപ വൈറസ് ബാധിതനായി മരിച്ച ചങ്ങോരത്ത് സ്വദേശി മൂസയുടെ മൃതദേഹം മണ്ണില്‍ അടക്കം ചെയ്യാന്‍ തീരുമാനിച്ചു. ബന്ധുകളുടെ താത്പര്യം കണക്കിലെടുത്താണ് മൃതദേഹം ദഹിപ്പിക്കുന്നതിന് പകരം മറവ് ചെയ്യാന്‍ തീരുമാനിച്ചത്. നിപ വൈറസ് ബാധിതരുടെ മൃതദേഹങ്ങള്‍ വൈദ്യുതി ശ്മശാനത്തിലെത്തിച്ച് ദഹിപ്പിക്കണം എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിലപാട്.

എന്നാല്‍ മരിച്ചവരുടെ ബന്ധുകള്‍ക്ക് ഇതിനോട് വിയോജിപ്പുണ്ടെങ്കില്‍ ആഴത്തില്‍ കുഴിയെടുത്ത് മറവ് ചെയ്യാം എന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് മൂസയുടെ ബന്ധുകളുടെ കൂടി അഭിപ്രായം കണക്കിലെടുത്ത് മൃതദേഹം മറവ് ചെയ്യാന്‍ തീരുമാനിച്ചത്. കോഴിക്കോട് ബീച്ചിനടുത്തുള്ള കണ്ണപറമ്പ് പൊതുശ്മശാനത്തിലാവും മൃതദേഹം മറവ് ചെയ്യുക. പത്തടി ആഴത്തില്‍ ഇതിനായി കുഴി വെട്ടും. വൈറസ് പടരാതിരിക്കാന്‍ കുഴിയില്‍ ബ്ലീച്ചിംഗ് പാളിയും തീര്‍ക്കും.

രോഗബാധയേറ്റ് മരിച്ച സഹോദരങ്ങളായ സ്വാലിഹിന്റേയും സാബിത്തിന്റേയും പിതാവാണ് മൂസ മൗലവി (62). കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് മൂസ മരിച്ചത്. ആദ്യ ഘട്ടത്തില്‍ രോഗം പിടിപെട്ടവരില്‍ ഒരാളാണ് മൂസ മൗലവി. സാബിത്ത് മെയ് അഞ്ചിനും സ്വാലിഹ് കഴിഞ്ഞ വെള്ളിയാഴ്ചയുമാണ് മരണപ്പെട്ടത്.

ഇവരുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ചത്ത വവ്വാലിനെ കണ്ടെത്തിയിരുന്നത്. ഇതോടെ സംസ്ഥാനത്ത് നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. കഴിഞ്ഞ ദിവസം നാലുപേര്‍ സ്വകാര്യ ആശുപത്രികളില്‍ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരില്‍ ഒരാളാണ് ഇന്ന് മരിച്ച മൂസ. നിലവില്‍ പനി ബാധിച്ച് മുന്നുപേര്‍ കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

അതേസമയം, കോഴിക്കോട് ഒരാള്‍ക്കുകൂടി നിപ വൈറസ് സ്ഥിരീകരിച്ചു. നഴ്‌സിങ് വിദ്യാര്‍ഥിനിക്കാണ് നിപ വൈറസ് ബാധിച്ചിരിക്കുന്നത്. വിദ്യാര്‍ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ നിപ ബാധിച്ച് ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്നാണ് വിവരം.

chandrika: