X

നിപ: ഭീതിയൊഴിഞ്ഞ് കോഴിക്കോട്; നാലാം ദിവസവും പുതിയ റിപ്പോര്‍ട്ടില്ല

കോഴിക്കോട്: തുടര്‍ച്ചയായ നാലാം ദിവസവും നിപ വൈറസ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന ആശ്വാസത്തില്‍ കോഴിക്കോട്. ഇതുവരെ 240 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നേരത്തെ ഉള്ള 18 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. അതേസമയം, ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2379 ആയി.

ഇന്നലെ പ്രവേശിപ്പിച്ച അഞ്ച് പേര്‍ ഉള്‍പ്പെടെ 24 പേരാണ് മെഡിക്കല്‍ കോളേജില്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. വിവിധ വകുപ്പുകളിലായുള്ള കേന്ദ്രസംഘം കോഴിക്കോട് ക്യാമ്പ് ചെയ്യുന്നുണ്ട്. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനായി എന്‍.സി.ഡി.സി, മൃഗസംരക്ഷണവകുപ്പ് എന്നിവ സംയുക്ത പരിശോധന നടത്തും. ഉറവിടം കണ്ടെത്താനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് എന്‍.സി.ഡി.സി ഡപ്യൂട്ടി ഡയറക്ടര്‍ ജയ്കിരണ്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ ഹ്യൂമനണ്‍ മോണോ ക്ലോണല്‍ ആന്റിബോഡി മരുന്ന് ഉപയോഗിക്കുന്നത് സംബന്ധിച്ച് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്കിയിട്ടുണ്ട്.

chandrika: