X

നിപ: ആദ്യം മരണപ്പെട്ട രോഗിയുടെ ഫലം പോസിറ്റീവ്; 30 പേരുടെ ഫലങ്ങള്‍ നെഗറ്റീവ്

കോഴിക്കോട് ജില്ലയില്‍ ആഗസ്റ്റ് 30ന് മരണപ്പെട്ട രോഗിയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പരിശോധനക്ക് അയച്ചതില്‍ 30 പേരുടെ ഫലം നെഗറ്റീവായെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് ജില്ലയിലെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നിപ സ്ഥിരീകരിച്ചതിനെ ശേഷം കോഴിക്കോട് ജില്ലക്ക് പുറമെയുള്ള ജില്ലകളിലായി ആകെ 29 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ 22, കണ്ണൂരില്‍ മൂന്ന്, വയനാട് ജില്ലയില്‍ ഒന്ന്, തൃശൂരില്‍ മൂന്ന് എന്നിങ്ങനെയാണ് കണക്കുകള്‍. ഇത്തരത്തില്‍ സമ്പര്‍ക്ക പട്ടികയില്‍ കണ്ടെത്തിയവരെ ഐസൊലേഷനില്‍ താമസിപ്പിക്കുകയും ഇവരുടെ സാംപിളുകള്‍ പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ രോഗികള്‍ ചികിത്സയിലിരിക്കുന്ന സ്വകാര്യ ആശുപത്രികളില്‍ നിര്‍ബന്ധമായും മെഡിക്കല്‍ ബോര്‍ഡുകള്‍ രൂപീകരിക്കണമെന്നും ഇവര്‍ ദിവസത്തില്‍ രണ്ടു തവണ യോഗം ചേര്‍ന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ജില്ലയില്‍ നിപയുടെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ അധ്യയനം നഷ്ടപ്പെടാത്ത രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ജില്ലയിലെ ആരോഗ്യ – വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേരുകയും ജില്ലയില്‍ അടുത്ത ഞായറാഴ്ചവരെ ക്ലാസുകള്‍ ഓണ്‍ലൈനായി തുടരാന്‍ തീരുമാനമായതായും മന്ത്രി പറഞ്ഞു.

മന്ത്രിമാര്‍ക്ക് പുറമെ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജില്ലാ കലക്ടര്‍ എ ഗീത, സബ് കലക്ടര്‍ ചെല്‍സാസിനി, അസിസ്റ്റന്റ് കലക്ടര്‍ പ്രതീക് ജെയിന്‍, എ ഡി എം സി.മുഹമ്മദ് റഫീഖ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. റീന കെ.ജെ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജാറാം, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

 

webdesk11: