X
    Categories: MoreViews

നിപ്പ ആശങ്കയില്‍ നിന്നും മുക്തമായി കോഴിക്കോട്

കോഴിക്കോട്: നിപ്പ ഭീതിയില്‍ ഉറങ്ങിപ്പോയ കോഴിക്കോട് നഗരം മിഴി തുറക്കുന്നു. രണ്ടാഴ്ചയോളം നിശ്ചലമായിരുന്ന മിഠായിതെരുവും പാളയം മാര്‍ക്കറ്റുമെല്ലാം സജീവമായി. തിങ്കളാഴ്ച മുതല്‍ വിപണിയില്‍ കാര്യമായ മാറ്റങ്ങളുണ്ടായി തുടങ്ങിയിരുന്നു. ഇന്നലെയോടെ മിക്കയിടങ്ങളിലും നല്ല തിരക്കുണ്ടായി. ബസുകളും ടാക്‌സികളും ഭൂരിഭാഗവും നിരത്തിലിറങ്ങി. സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങിയതോടെ നഗരം ഉണര്‍ന്നു. നിപ്പ വൈറസ് പടരുമെന്ന ഭീതിയില്‍ ജനങ്ങള്‍ പൊതു സ്ഥലങ്ങളിലേക്കിറങ്ങുന്നത് ശ്രദ്ധയോടെയായിരുന്നു. ആരോഗ്യ വകുപ്പിന്റെ മുന്‍കരുതല്‍ അറിയിപ്പുകളും ജനങ്ങളെ കൂടുതല്‍ ആശങ്കയുണ്ടാക്കിയിരുന്നു. ആശങ്കപ്പെടേണ്ടന്ന് അധികൃതര്‍ പറയുമ്പോഴും ജാഗ്രത വേണമെന്ന അറിയിപ്പാണ് പൊതുജനത്തെ സ്വന്തം ഇടങ്ങളില്‍ ഒതുങ്ങിക്കൂടാന്‍ പ്രേരിപ്പിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെ മിഠായി തെരുവില്‍ സാമാന്യം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പെരുന്നാള്‍ അടുത്തതോടെ വസ്ത്രങ്ങളും പാദരക്ഷകളും മറ്റും വാങ്ങാനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുക്കണക്കിനാളുകള്‍ എത്തിയിരുന്നു. നഗരത്തിനൊപ്പം നിശ്ചലാവസ്ഥയിലേക്ക് നീങ്ങിയ പ്രദേശങ്ങളും കൂടുതല്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം പെരുന്നാള്‍-സ്‌കൂള്‍ വിപണി സജീവമാകുന്നുണ്ട്.
പേരാമ്പ്ര ചങ്ങരോത്ത് നിപ്പ സ്ഥിതീകരിച്ചതോടെയാണ് ജനം ആശങ്കയിലായത്. പേരാമ്പ്ര മേഖല നിശ്ചലമായതിന് പിന്നാലെ സമീപ പ്രദേശങ്ങളിലേക്കും നിപ്പ ഭീതി പാഞ്ഞെത്തുകയായിരുന്നു. നടുവണ്ണൂര്‍, ബാലുശ്ശേരി, കൊടിയത്തൂര്‍, കാരശ്ശേരി, പാലാഴി പ്രദേശങ്ങളിലും നിപ്പ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ല മുഴുവന്‍ ഭീതിയിലായി. തുടര്‍ച്ചയായി മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കോഴിക്കോട് നഗരത്തിലേക്കും ആളുകളുടെ വരവ് കുറഞ്ഞു. ഈ ആശങ്ക വ്യാപാര മേഖലയെയായിരുന്നു കൂടുതല്‍ പ്രതിരോധത്തിലാക്കിയത്. വവ്വാല്‍ കടിച്ച പഴങ്ങളാണ് നിപ്പ പരത്തുന്നതെന്ന നിഗമനം പുറത്തുവന്നതോടെ പഴ വിപണിയെ തുടക്കം മുതല്‍ തളര്‍ത്തിയിരുന്നു. റമസാന്‍ മാസത്തിലെ വിപണനം ലക്ഷ്യമാക്കി ഇറക്കിയ പഴങ്ങളെല്ലാം ആര്‍ക്കും വേണ്ടാത്ത അവസ്ഥയിലായി. തുടര്‍ന്നാണ് മാംസ വിപണിയെയും നിപ്പ പ്രതിരോധത്തിലാക്കി. ആളുകള്‍ പുറത്തിറങ്ങാന്‍ മടി കാണിച്ചതോടെ വ്യാപാര മേഖലക്കൊപ്പം ബസ്-ഓട്ടോ-ടാക്‌സി മേഖലയെയും തളര്‍ത്തി. പുറത്തിറങ്ങുന്നവര്‍ കൂടുതലും സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ബസുകളില്‍ ആളുകള്‍ തീരെയില്ലാതായിരുന്നു.
റമസാന്‍ അവസാന നാളുകളിലേക്ക് അടുക്കുന്നതോടെ വ്യാപാര മേഖല കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ്. ആശങ്ക കൂടുതല്‍ അകലുന്നതോടെ ആളുകള്‍ കൂടുതല്‍ നഗരത്തിലേക്കും കച്ചവട കേന്ദ്രങ്ങളിലേക്കുമെത്തും. ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നതും നീട്ടിയതോടെ സ്‌കൂള്‍ വിപണിയും സജീവമായിട്ടുണ്ട്. തെരുവ് കച്ചവടവും സജീവമാകുന്നതോടെ മിഠായി തെരുവ് കൂടുതല്‍ സജീവമാകും. പേരാമ്പ്ര, ബാലുശ്ശേരി പ്രദേശങ്ങളിലെല്ലാം വ്യാപര മേഖല ഉണര്‍ന്നു. മലയോര മേഖലയിലും നിപ്പ ഭീതി അകന്നതോടെ ടൗണുകളെല്ലാം സജീവമായിട്ടുണ്ട്.

chandrika: