കോഴിക്കോട്: മെഡിക്കൽ കോളേജ് രോഗികൾക്ക് കഴിഞ്ഞ കാലങ്ങളിൽ ആത്മാർത്ഥമായ സേവനം ചെയ്തുവരുന്ന സിഎച്ച് സെന്റർ നിപ രോഗികൾക്ക് ഭക്ഷണവും അവശ്യ സാധനങ്ങളും എത്തിക്കാൻ മുന്നോട്ടുവന്നത് മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നിപയെ നേരിടാൻ എല്ലാവരും എല്ലാം മറന്ന് ഒരുമിച്ചു നിന്നു. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ ഇങ്ങനെയുള്ള കൂട്ടായ്മകൾ അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോഴിക്കോട് സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിന് സി.എച്ച് സെന്ററിൽ മന്ത്രി സന്ദർശനം നടത്തുകയും രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഭക്ഷണ വിതരണോദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റർ, സെക്രട്ടറി കുഞ്ഞാമുട്ടി, സി.എച്ച് സെന്റർ പ്രസിഡന്റ് കെ.പി കോയ, ജനറൽ സെക്രട്ടറി എം.വി സിദ്ധീഖ് മാസ്റ്റർ, ട്രഷറർ ടി.പി മുഹമ്മദ്, വൈസ് പ്രസിഡന്റുമാരായ ഇ. മാമുക്കോയ മാസ്റ്റർ, പി.എൻ.കെ അഷ്റഫ്, സഫ അലവി ഹാജി, മരക്കാർ ഹാജി, കെ.മൂസ മൗലവി, സെക്രട്ടറിമാരായ ഒ. ഉസൈയിൻ, ബപ്പൻ കുട്ടി നടുവണ്ണൂർ, അരിയിൽ മൊയ്തീൻ ഹാജി എന്നിവർ സംബന്ധിച്ചു.