കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിൽ ഐസ്വലേഷൻ വാർഡിൽ കഴിയുന്ന മുഴുവൻ പേർക്കും ഭക്ഷണം എത്തിച്ചു നൽകുവാൻ സി.എച്ച് സെന്റർ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. രാവിലെയും രാത്രിയിലുമുള്ള ഭക്ഷണം നൽകുന്നതിനുള്ള സംവിധാനമാണ് സി.എച്ച് സെന്റർ ഏർപ്പെടുത്തിയിട്ടുള്ളത്.
നിപയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യം നേരിടുന്നതിനുള്ള നിർദ്ദേശങ്ങൾ സി.എച്ച് സെന്റർ വളണ്ടിയർമാർക്ക് നൽകി. 2018-ലെ നിപ സമയത്തും കൊറോണ സമയത്തും സേവനം ചെയ്ത് പരിചയമുള്ള വളണ്ടിയർമാരെ യാണ് ഇതിനായി സി.എച്ച് സെൻറർ സജ്ജമാക്കിയിരിക്കുന്നത്. നിപയുടെ ഭാഗമായി ഗവൺമെൻറ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സി.എച്ച് സെന്റർ സ്ഥാപകദിന ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന പരിപാടികൾ മാറ്റി വെക്കുവാനും യോഗം തീരുമാനിച്ചു.
സെപ്റ്റംബർ 24 വരെ ഗവൺമെൻറ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനാൽ 21ന് പാലാഴിയിൽ നടക്കുന്ന ക്യാൻസർ കിഡ്നി രോഗ നിർണയ ക്യാമ്പും 24 ന് മെഡിക്കൽ കോളേജിൽ നടക്കുന്ന വളണ്ടിയർ സംഗമവും മാറ്റിവെച്ചിരിക്കുകയാണ്. നിയന്ത്രണങ്ങൾ മാറുന്ന മുറക്ക് ഈ പരിപാടികൾ പിന്നീട് നടത്തുന്നതായിരിക്കും.
നിപ അടിയന്തര സാഹചര്യം നേരിടുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിനായി ചേർന്ന സി.എച്ച് സെന്റർ ഭാരവാഹികളുടെയും വളണ്ടിയർമാരുടെയും അടിയന്തരയോഗത്തിൽ സി.എച്ച് സെന്റർ പ്രസിഡന്റ് കെ.പി കോയ അധ്യക്ഷതവഹിച്ചു ജനറൽ സെക്രട്ടറി എംവി സിദ്ദീഖ് മാസ്റ്റർ സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡന്റുമാരായ പി.എൻ.കെ അഷ്റഫ്, സഫ അലവി ഹാജി, കെ. മരക്കാർ ഹാജി, കെ. മൂസ മൗലവി സെക്രട്ടറിമാരായ ഒ. ഉസൈയിൻ, ബപ്പൻ കുട്ടി നടുവണ്ണൂർ, അരിയിൽ മൊയ്തീൻ ഹാജി എന്നിവർ സംസാരിച്ചു. സി.എച്ച് സെന്റർ ട്രഷറർ ടി.പി മുഹമ്മദ് നന്ദി പറഞ്ഞു.