കോഴിക്കോട് ജില്ലയില്‍ നിപ സംശയിച്ച് മരിച്ച 2 പേരുടെ സമ്പര്‍ക്കപ്പട്ടികയില്‍ 168 പേരുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആദ്യം മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ 158 പേരാണ് ഉള്ളത്. ഇതില്‍ 127 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രണ്ടാമത്തെയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള പത്ത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ വിവരം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കേരളത്തിലേക്ക് കേന്ദ്രസംഘം നാളെ എത്തും. സംസ്ഥാനത്തിന്റെ അഭ്യര്‍ഥന മാനിച്ച് പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് മൊബൈല്‍ ലാബും സജ്ജമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതിനൊപ്പം ചെന്നൈ ഐ.സി.എം.ആര്‍ ടീമും സംസ്ഥാനത്തെത്തും. അതേസമയം, പൂണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് രാത്രി എട്ടരയോടെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
നേരത്തെ കേരളത്തില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചിരുന്നു. പനി ബാധിച്ച് മരിച്ച രണ്ട് പേര്‍ക്കും നിപയാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിന് പിന്നാലെ പുനെയില്‍ നിന്നും നിപ സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് അറിയിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ് രംഗത്തെത്തിയിരുന്നു.