അഷ്റഫ് വേങ്ങാട്ട്
റിയാദ്: നാളെ തൊണ്ണൂറ്റി മൂന്നാം ദേശീയ ദിനം ആഘോഷിക്കുന്ന സഊദിയുടെ നഗരങ്ങളും ഗ്രാമങ്ങളും ആഹ്ലാദത്തിമര്‍പ്പില്‍.
വികസന കുതിപ്പിലുള്ള രാജ്യത്തിന്റെ പൂര്‍വ കാലത്തെ മധുര സ്മൃതികള്‍ അയവിറക്കിയാണ് രാജ്യത്തെ സ്വദേശികളും വിദേശികളും ദേശീയ ദിനം ആഘോഷിക്കുന്നത്. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നേതൃത്വത്തിലുള്ള ഭരണകൂടത്തിന് മനം നിറഞ്ഞ പിന്തുണ ഉറപ്പു നല്‍കുന്ന സഊദി ജനതക്ക് ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് ദേശീയ ദിനാഘോഷം. സ്വപ്നങ്ങളിലെന്ന പോലെ വികസനകുതിപ്പിലുള്ള സഊദിയുടെ ചരിത്രങ്ങള്‍ അയവിറക്കിയാണ് പ്രവാസികള്‍ ആഘോഷത്തില്‍ പങ്കാളികളാകുന്നത്.
ഉത്സവ ലഹരിയിലായ ആഘോഷത്തിന് രാജ്യത്തുടനീളം ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിറവില്‍ കഴിഞ്ഞ ദിവസം തന്നെ തുടക്കമായിരുന്നു. തോരണങ്ങളും അലങ്കാര വിളക്കുകളും കൊണ്ട് നാടെങ്ങും ഹരിത പൂരിതമായി. പ്രധാന വീഥികളിലും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക കെട്ടിയുയര്‍ത്തിയും ഭരണാധികാരികളുടെ വര്‍ണ്ണ ചിത്രങ്ങള്‍ സ്ഥാപിച്ചും സഊദി ജനത ആഘോഷ നിറവിലാണ്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് രാജ്യത്ത് അരങ്ങേറുന്നത്.
ദേശീയ ദിനം വര്‍ണ്ണാഭമാക്കാന്‍ വ്യാപകമായ ഒരുക്കങ്ങളാണ് ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി പൂര്‍ത്തിയാക്കിയത്.
തലസ്ഥാന നഗരിയായ റിയാദിലും സുപ്രധാന പട്ടണങ്ങളായ ജിദ്ദയിലും ദമാമിലും ഉള്‍പ്പടെ കരിമരുന്ന് പ്രയോഗവും എയര്‍ ഷോയും മറ്റു ആഘോഷപരിപാടികളും ശാസ്ത്രീയമായ വിധത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. എയര്‍ഷോയുടെ ഭാഗമായി റിയാദിലും ജിദ്ദയിലും അല്‍കോബാറിലും വമ്പിച്ച ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയത്. നിപുണരായ വൈമാനികരുടെയും സൈനികരുടെയും സഹായത്തോടെ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന എയര്‍ഷോ ചരിത്ര സംഭവമാക്കുനതിനുള്ള ശ്രമത്തിലാണ് അധികൃതര്‍. പലയിടങ്ങളിലും സാഹിത്യ സംവാദ സദസ്സുകള്‍, കലാപ്രകടനങ്ങള്‍, നാടകങ്ങള്‍, ചിത്ര പ്രദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുന്നുണ്ട്. രാജ്യത്തിന്റെ സാംസ്‌കാരിക ചരിത്രവും പൈതൃകവും ചരിത്രവും വളര്‍ച്ചയുമെല്ലാം വിഷയമാക്കുന്ന ആവിഷ്‌കാരങ്ങളും വിവിധ നഗരങ്ങളില്‍ അരങ്ങേറും.
സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ഇരുപതോളം കേന്ദ്രങ്ങളില്‍ രക്തദാനം നടക്കുന്നുണ്ട്. സെപ്തംബര്‍ 23 മുതല്‍ 30 വരെ നീണ്ടു നില്‍ക്കുന്ന രക്തദാന ക്യാമ്പയിന്‍ വിവിധ സെന്‍ട്രല്‍ കമ്മിറ്റികള്‍ക്ക് കീഴില്‍ ഔദ്യോഗിക അനുമതിയോടെ അതാത് പ്രദേശങ്ങളിലെ ആശുപത്രികളും ബ്ലഡ് ബാങ്കുകളും കേന്ദ്രീകരിച്ചാണ് നടത്തുന്നത്.