X

ആന്ധ്രയില്‍ നിര്‍ണായക നീക്കം; കോണ്‍ഗ്രസിനോട് എതിര്‍പ്പില്ലെന്ന് ജഗ്മോഹന്‍ റെഡ്ഢി

വിജയവാഡ: ആന്ധ്രാപ്രദേശില്‍ നിന്ന് മതേതര വിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത. കോണ്‍ഗ്രസുമായി കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ എല്ലാ എതിര്‍പ്പും അവസാനിപ്പിച്ചതായി വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാവ് ജഗ്മോഹന്‍ റെഡ്ഢി പറഞ്ഞു. കോണ്‍ഗ്രസിനോട് ക്ഷമിച്ചെന്നും ആരോടും എതിര്‍പ്പോ പകയോ ഇല്ലെന്നും ജഗന്‍ വ്യക്തമാക്കി.

‘എനിക്കാരോടും പകയില്ല, പ്രതികാരവും ചെയ്യേണ്ട. ഞാന്‍ അവരോട് മനസ്സുകൊണ്ട് ക്ഷമിച്ചുകഴിഞ്ഞു. എന്റെ സംസ്ഥാനത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. ആന്ധ്രയുടെ പ്രത്യേക പദവി്ക്കാണ് എന്റെ മുന്‍ഗണന.’ ജഗന്മോഹന്‍ പറഞ്ഞു.

ആന്ധ്രയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിക്കുന്നതാണ് ജഹ്മോഹന്റെ പുതിയ നിലപാട്. കോണ്‍ഗ്രസ്-ടി.ഡി.പി സഖ്യവുമായി അകന്ന് നിന്നിരുന്ന ജഗ്മോഹന്‍ ബി.ജെ.പി ചേരിയിലെത്തുമോ എന്ന ആശങ്കയിലായിരുന്നു മതേതര ചേരി. ഈ ആശങ്കകളെല്ലാം അവസാനിപ്പിക്കുന്നതാണ് ജഗ്മോഹന്റെ പുതിയ നിലപാട്.

ഭരണത്തിലേറിയാല്‍ ആന്ധ്ര്ക്ക് പ്രത്യേക സംസ്ഥാനപദവി നല്‍കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ജഗന്മോഹന് മനംമാറ്റമുണ്ടായതിനെ സ്വാഗതം ചെയ്യുന്നെന്ന് ആന്ധ്രയിലെ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. കോണ്‍ഗ്രസിലേക്ക് തിരികെയെത്താന്‍ സമയം വൈകിയിട്ടില്ലെന്നും നേതാക്കള്‍ ജഗനെ ഓര്‍മ്മിപ്പിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: