ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി സ്ത്രീകള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതോടെ സീരിയല്‍ കൊലയാളിയെ തേടി പൊലീസ്. ഈ വര്‍ഷം ജൂണ്‍ മുതല്‍ നഗരത്തില്‍ ഒമ്പത് സ്ത്രീകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നാണ് പൊലീസ് നിര്‍ദേശം. നഗരങ്ങളിലും തെരുവുകളിലും പൊലീസ് പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
നഗരത്തിലെ ഷാഹി, ഫത്തേഗഞ്ച് വെസ്റ്റ്, ഷീഷ്ഗഡ് എന്നീ പ്രദേശങ്ങളിലാണ് കൊലപാതക കേസുകളില്‍ അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇരകള്‍ 50നും 65നും ഇടയില്‍ പ്രായമുള്ളവരാണ്. എല്ലാ സ്ത്രീകളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നുവെന്നും മൃതദേഹങ്ങള്‍ വയലില്‍ നിന്നാണ് കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.
അതേസമയം ഇരകളെ കൊള്ളയടിക്കുകയോ ലൈംഗികാതിക്രമം നടത്തുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഈ സംഭവങ്ങളെ തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയിലാണ്. അത്യാവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങാറില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ”അമ്മ വയലില്‍ നിന്ന് മടങ്ങി വരാന്‍ വൈകിയതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടതെന്ന്” അടുത്തിടെ കൊല്ലപ്പെട്ട സ്ത്രീയുടെ മകള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
55 വയസായിരുന്നു ഇവരുടെ പ്രായം. മൃതദേഹം അടുത്ത ദിവസം രാവിലെ ഒരു കരിമ്പില്‍ തോട്ടത്തില്‍ നിന്നാണ് കണ്ടെടുത്തതെന്നും മകള്‍ പറഞ്ഞു. എട്ട് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് ഈ കേസുകളില്‍ അന്വേഷണം നടത്തുന്നത്. കൂടാതെ നഗരത്തിലുടനീളം പട്രോളിംഗും വര്‍ധിപ്പിച്ചു. കൊല്ലപ്പെട്ട ചില സ്ത്രീകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അതിനുശേഷം അവരുടെ മരണകാരണം വ്യക്തമാകുമെന്നും ബറേലി സിറ്റി പൊലീസ് സൂപ്രണ്ട് പറഞ്ഞു.