Categories: indiaNews

ബീഹാറിൽ വൈദ്യുതാഘാതമേറ്റ് ഒമ്പത് കാവട്‌ തീർത്ഥാടകർ മരണപ്പെട്ടു

ബീഹാറില്‍ വാഹനത്തിന് മുകളിലേക്ക് ഉയര്‍ന്ന വോള്‍ട്ടെജ് ഓവര്‍ഹെഡ് വയര്‍ വീണതിനെ തുടര്‍ന്ന് 9 കാവട് (തീര്‍ത്ഥാടകര്‍) വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വൈശാലി ജില്ലയിലെ ഇന്‍ഡസ്ട്രിയല്‍ പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സുല്‍ത്താന്‍പൂര്‍ ഗ്രാമത്തിലാണ് ഹൈ ടെന്‍ഷന്‍ ഓവര്‍ഹെഡ് വയര്‍ വാഹനത്തിന് മുകളില്‍ വീണ് ഒമ്പത് കന്‍വാര്‍ തീര്‍ത്ഥാടകര്‍ മരണപ്പെട്ടത്. ആറുപേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട് അതില്‍ 3 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

ഇന്നലെ രാത്രി സേനാപൂരിലെ ബാബാ ഹരിഹര്‍ നാഥ് ക്ഷേത്രത്തിലേക്ക് ജലാഭിഷേകം നടത്താനായി പോയ സമയത്താണ് സംഭവം നടന്നതെന്ന് ഹാജിപൂര്‍ സബ് ഡിവിഷണല്‍ ഓഫീസര്‍ രാംബാബു ബൈദ പറഞ്ഞു. എട്ടു ഭക്തര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും ഒരാള്‍ ആശുപത്രിയില്‍ ചികിത്സക്കിടെ മരണത്തിന് കീഴടങ്ങിയതായും പൊലീസ് അറിയിച്ചു. രവികുമാര്‍, രാജ കുമാര്‍, നവീന്‍ കുമാര്‍, അമ്രേഷ് കുമാര്‍, അശോക് കുമാര്‍, ചന്ദന്‍ കുമാര്‍, കാലുകുമാര്‍, ആശിഷ് കുമാര്‍ എന്നിവരാണ് മരിച്ചത്.

‘കാവട് യാത്രികര്‍ ഡി.ജെ ഘടിപ്പിച്ച വാഹനത്തില്‍ പോവുകയായിരുന്നു. ഡി.ജെ ഘടിപ്പിച്ച ട്രോളി വളരെ ഉയരത്തിലായിരുന്നു. അതില്‍ വയര്‍ കുടുങ്ങുകയായിരുന്നു. 11000 ഹൈ ടെന്‍ഷന്‍ വെയറാണ് കുടുങ്ങിയത്. ഒമ്പത് ആളുകള്‍ മരണപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവര്‍ ചികിത്സയിലാണ്,’ ഹാജിപൂര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ സിയാദ് ഓം പ്രകാശ് പറഞ്ഞു.

സംഭവത്തില്‍ അധികൃതര്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. നേരത്തെ, ജൂലൈ 29 ന് നടന്ന മറ്റൊരു സംഭവത്തില്‍, മധ്യപ്രദേശിലെ മൊറേന ജില്ലയില്‍, അവര്‍ സഞ്ചരിച്ചിരുന്ന ട്രാക്ടര്‍ ട്രോളിയില്‍ കണ്ടെയ്നര്‍ കൂട്ടിയിടിച്ച് രണ്ട് കന്‍വാരിയകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ഏകദേശം അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു സിവില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ദേശീയ പാത 44-ല്‍ ദിയോരി ഗ്രാമത്തിന് സമീപമാണ് അപകടം.

webdesk13:
whatsapp
line