X

പ്രളയം വിതച്ച് ഹാര്‍വി; ഒന്‍പത് മരണം

ടെക്‌സാസ്: രണ്ട് ദിവസങ്ങളായി വീശിയടിക്കുന്ന ഹാര്‍വി ചുഴലിക്കാറ്റില്‍ യുഎസിലെ ഹൂസ്റ്റണ്‍ അടക്കമുള്ള നഗരങ്ങളില്‍ കനത്ത നാശം. പ്രളയത്തില്‍ ഇതുവരെ ഒന്‍പത് മരണം രേഖപ്പെടുത്തി. മരിച്ചവരില്‍ ഒരു കുടുംബത്തിലെ ആറു പേരും ഉള്‍പ്പെടുന്നതായി ദുരന്ത നിവാരണ സേന വ്യക്തമാക്കി.
പ്രളയത്തില്‍ നിന്നും രക്ഷപെടുന്നതിനിടെയാണ് കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വെള്ളത്തില്‍ വീണാണ് അപകടം സംഭവിച്ചത്. ആറ് പേരില്‍ നാല് പേര്‍ കുട്ടികളാണ്. പ്രളയത്തില്‍ കൊല്ലപ്പെട്ട മറ്റു മൂന്നു പേര്‍ വിവിധ നഗരങ്ങളില്‍ നിന്നുള്ളവരാണ്. പോര്‍ട്ടറില്‍ ഒരു വൃദ്ധയും റോക്ക് പോര്‍ട്ടില്‍ യുവാവും ലാ മാര്‍ക്യുവില്‍ മധ്യവയക്‌സനും കൊല്ലപ്പെട്ടു. തുടര്‍ച്ചയായി പെയ്യുന്ന മഴ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും തടസപ്പെടുത്തി.
ഹാര്‍വി ചുഴലിക്കാറ്റ് തെക്ക് കിഴക്കന്‍ ടെക്‌സാസിലും കനത്ത നാശം വിതച്ചിട്ടുണ്ട്. ഹൈവ അടക്കം നഗരങ്ങളിലെ പ്രധാന റോഡുകള്‍ എല്ലാം തന്നെ അടച്ചിട്ടുണ്ട്. വെള്ളത്തില്‍ അമര്‍ന്ന പ്രദേശങ്ങളില്‍ നിന്നു ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. പ്രളയക്കെടുതില്‍ ഉള്‍പ്പെട്ട 30,000 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. പ്രളയം ഹൂസ്റ്റണിലെ 13 മില്യണ്‍ ജനങ്ങളെയാണ് ബാധിച്ചത്. 5,500 പേര്‍ക്ക് വീടുകള്‍ നഷ്ടപെട്ടതായി മേയര്‍ സില്‍വസ്റ്റര്‍ ടൂര്‍ണര്‍ വ്യക്തമാക്കി. 16 ഓളം എയര്‍ക്രാഫ്റ്റുകളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സാന്‍ അന്റോണിയോയില്‍ സ്‌കൂളുകളും എയര്‍പോര്‍ട്ടുകളും അടച്ചു. അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും വിവിധ ഏജന്‍സികള്‍ക്കും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കി. ടെക്‌സാസിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.

chandrika: