നീലേശ്വരം വെടിക്കെട്ട് അപകടം നടന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്. കാസര്‍കോട് ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും അന്വേഷണ ചുമതല നല്‍കി.
കാസര്‍കോട് ഗവ. ഗസ്റ്റ്ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.
തിങ്കളാഴ്ച രാത്രിയാണ് പടക്കശേഖരണ പുരയ്ക്ക് തീപിടിച്ച് അപകടമുണ്ടായത്. സംഭവത്തില്‍ 154 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്. പടക്കശേഖരണ പുരയിലേക്ക് തീപ്പൊരി വീണാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
സംഭവത്തില്‍ ക്ഷേത്ര പ്രസിഡന്റിനെയും സെക്രട്ടറിയെയും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ക്ഷേത്രത്തില്‍ കളിയാട്ടം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
പരിയാരം മെഡിക്കല്‍ കോളജ്, കണ്ണൂര്‍ മിംസ് എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവരാണ് ഗുരുതരനിലയിലുള്ളത്.