X

നിലമ്പൂര്‍-നഞ്ചങ്കോട് മൈസൂര്‍ പാത; സമയ പരിധി നിര്‍ണയിക്കാനാവില്ല: റെയില്‍വേ മന്ത്രി 

ന്യൂഡല്‍ഹി: നിലമ്പൂര്‍-നഞ്ചങ്കോട് മൈസൂര്‍ റെയില്‍വെ നടപ്പിലാക്കുന്നതിന്റെ സമയ പരിധി ഈ ഘട്ടത്തില്‍ നിര്‍ണയിക്കാനാവില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് മലപ്പുറം ലോക്‌സഭ എം.പി ഡോ. എം.പി അബ്ദുസ്സമദ് സമദാനിയെ അറിയിച്ചു.

2013-14 കാലഘട്ടത്തില്‍ പദ്ധതിയുടെ സര്‍വേ നടന്നെങ്കിലും സാമ്പത്തികമായി പ്രായോഗികമല്ലാത്തതിനാല്‍ അത് മുന്നോട്ട് കൊണ്ട് പോവാനായില്ല. പിന്നീട് കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് 51% ഉം റെയില്‍വേ മന്ത്രാലയം 49% പങ്ക് വഹിച്ചുകൊണ്ട് പദ്ധതി ഏറ്റെടുക്കുകയുണ്ടായെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ കര്‍ണ്ണാടകയിലൂടെയുള്ള അലൈന്‍മെന്റ് കാര്യത്തില്‍ അവിടെത്തെ സര്‍ക്കാര്‍ ചില എതിര്‍പ്പുകള്‍ ഉന്നയിച്ചിട്ടുണ്ട്.

അതേത്തുടര്‍ന്ന് പദ്ധതി കടന്നു പോകുന്ന കര്‍ണാടകയിലെ പ്രദേശങ്ങളില്‍ വിശദമായ സര്‍വ്വേ നടത്തുന്നതുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളുടെയും സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ച നടക്കുകയാണ്. അതുകൊണ്ട് പദ്ധതി നടപ്പാക്കുന്നതിന്റെ സമയം ഇപ്പോള്‍ നിജപ്പെടുത്താനാവില്ലെന്നും മന്ത്രി നല്‍കിയ രേഖാമൂലം ഉള്ള മറുപടിയില്‍ പറഞ്ഞു.

നിലമ്പൂര്‍ നഞ്ചന്‍കോട് മൈസൂര്‍ റെയില്‍വെ പദ്ധതി സംബന്ധിച്ച നടപടികള്‍ ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു സമദാനിയുടെ ചോദ്യം. സാധ്യത പഠനം കഴിഞ്ഞിട്ടും പദ്ധതി തുടങ്ങാന്‍ വൈകുന്നത് എന്താണെന്നും സമദാനി ചോദ്യത്തില്‍ ഉന്നയിച്ചിരുന്നു.

Test User: