X
    Categories: keralaNews

നിലമ്പൂര്‍-നഞ്ചന്‍കോഡ് റെയില്‍വേ പദ്ധതി: വൈകാന്‍ കാരണം സംസ്ഥാനമെന്ന് കേന്ദ്രം

കല്‍പ്പറ്റ: നിലമ്പൂര്‍ -നഞ്ചന്‍കോഡ് റെയില്‍വേപദ്ധതി അനിശ്ചിതമായി വൈകുന്നത് ഇടതു സര്‍ക്കാറിന്റെ അനാസ്ഥ മൂലമാണെന്നതിന് സ്ഥിരീകരണം നല്‍കി കേന്ദ്ര സര്‍ക്കാരും. പദ്ധതി വൈകുന്നത് കേരള സര്‍ക്കാര്‍ വിശദ പദ്ധതി രേഖക്കുള്ള (ഡി.പി.ആര്‍) സമര്‍പ്പിക്കാത്തത് കൊണ്ടാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാഹുല്‍ ഗാന്ധി എം.പിക്ക് അയച്ച കത്തില്‍ പറഞ്ഞതോടെയാണ് ഇടതു സര്‍ക്കാരിന്റെ വികസന വിരുദ്ധത എല്ലാ മറയും നീക്കി പുറത്തുവന്നത്.

പരിസ്ഥിതി ലോല മേഖലുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം, ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉപകേന്ദ്രം, മക്കിമല മുനീശ്വരന്‍ കുന്നിലെ എന്‍.സി.സി അക്കാദമി, വന്യമൃഗ സങ്കേതങ്ങളോട് ചേര്‍ന്ന് താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതി, ചുരം ബദല്‍ റോഡുകള്‍ എന്നിവക്ക് പുറമെ വയനാടിന്റെ റെയില്‍ സ്വപ്‌നങ്ങള്‍ക്കും റെഡ് സിഗ്‌നല്‍ വീശുകയാണ് ഇതിലൂടെ പിണറായി സര്‍ക്കാര്‍.

ഡി.പി.ആറിന് അനുമതി ലഭിച്ച പാതയായിട്ടും അനുവദിച്ച തുകപോലും നല്‍കാതെയാണ് സര്‍ക്കാര്‍ നഞ്ചന്‍കോഡ് വയനാട് നിലമ്പൂര്‍ റെയില്‍പാത അട്ടിമറിച്ചത്. കര്‍ണാടക പാതയ്‌ക്കെതിരാണെന്ന വാദവും വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനവും തെറ്റായിട്ടും നിയമസഭയില്‍ പോലും തെറ്റിദ്ധാരണ പരത്തുകയായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍. പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.

Chandrika Web: