X

മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചത്; പി.വി. അന്‍വര്‍

തിരുവനന്തപുരം: മലയോര ജനതക്കായി വനനിയമത്തിനെതിരെ പോരാടാന്‍ സ്ഥാനം രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചതെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല. അതോടൊപ്പം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും അന്‍വര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പോടെ എംഎല്‍എ സ്ഥാനം രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. സ്വതന്ത്രനായി ജയിച്ച് എം.എല്‍.എയായതിനാല്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരുമ്പോള്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ട്. വനനിയമം നിരവധി മനുഷ്യരുടെ പ്രശ്‌നമായതിനാല്‍ കാലതാമസം പാടില്ലെന്നും ഉടന്‍ രാജിവെച്ച് പ്രവര്‍ത്തിക്കണമെന്നും മമത പറഞ്ഞു. തുടര്‍ന്ന് ഇക്കഴിഞ്ഞ 11ന് തന്നെ സ്പീക്കര്‍ക്ക് രാജിക്കത്ത് ഇമെയില്‍ ചെയ്തിരുന്നു. എന്നാല്‍, നേരിട്ട് കൈമാറണമെന്ന നിര്‍ദേശം ലഭിച്ചതിനാലാണ് കൊല്‍ക്കത്തയില്‍നിന്ന് വന്ന ശേഷം ഇന്ന് രാജിക്കത്ത് കൈമാറിയത് -അന്‍വര്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കിയത്. ഔദ്യോഗിക എക്‌സ് പേജിലൂടെ അന്‍വറിന് അംഗത്വം നല്‍കിയ വിവരം തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അന്‍വറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

webdesk18: