X

നിലമ്പൂര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: വെടിവെപ്പ് വാദം പൊളിക്കുന്നതായി ആരോപണം

തിരുവനന്തപുരം: നിലമ്പൂരില്‍ പൊലീസ് വെടിവെപ്പില്‍ കൊലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുപ്പു ദേവരാജിന് ഒമ്പത് തവണ വെടിയേറ്റതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതില്‍ നാലെണ്ണം മാത്രമാണ് വീണ്ടെടുക്കാനായത്.

ഒരേ ദൂരത്തില്‍ നിന്നും വ്യത്യസ്ത തരത്തിലുളള ബുള്ളറ്റുകളാണ് ശരീരത്തില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ഒരേ തോക്കില്‍ നിന്നും വെടിയേറ്റതിനാലാകാം ഒരേ ദൂരമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദീകരണം.

അതേസമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിലാണ് കൊലപ്പെടുത്തിയതെന്ന പൊലീസിന്റെ വാദം പൊളിക്കുന്നതായും ആരോപണമുണ്ട്. ഏറ്റുമുട്ടലായിരുന്നെങ്കില്‍ വെടിയുണ്ടകള്‍ വ്യത്യസ്ത അകലത്തില്‍ നിന്നും ഏല്‍ക്കാനാണ് സാധ്യത. മാത്രമല്ല നാലുതരത്തിലുളള ബുള്ളറ്റുകളാണ് മൃതദേഹത്തില്‍ നിന്നും പുറത്തെടുത്തത്.

കുപ്പു ദേവരാജിന്റെ ശരീരത്തിന്റെ മുന്‍ഭാഗത്ത് നാലുതവണയും പിന്നില്‍ അഞ്ചുതവണയും വെടിയേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിവര്‍ന്നു നില്‍ക്കുമ്പോളായിരുന്നു വെടിയേറ്റതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ അസ്വഭാവികതകള്‍ ഏറെയുളള പശ്ചാത്തലത്തില്‍ ബന്ധുക്കള്‍ റീപോസ്റ്റ്മോര്‍ട്ടം എന്ന ആവശ്യം മുന്നോട്ട് പോവുകയാണ്.

അതിനിടെ നിലമ്പൂര്‍ സംഭവുമായി ബന്ധപ്പെട്ട് ഒഡീഷയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ ചിത്രം വ്യാജമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് നടപടി തുടങ്ങി. നിലമ്പൂര്‍ വനമേഖലയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വനിതയുടെ മൃതദേഹത്തിനു സമീപം കേരള പൊലീസുകാര്‍ കൂടിനില്‍ക്കുന്നു എന്നു തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ഫോട്ടോകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേയാണ് ക്രൈംബ്രാഞ്ച് കേസ് റെജിസ്റ്റര്‍ ചെയ്തത്. ഡിജിപി രാജേഷ് ദിവാന്റെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ സൈബര്‍ പൊലിസും ഹൈട്ടക് സെല്ലും ചേര്‍ന്ന് അന്യേഷണം ആരംഭിച്ചു.

നവംബര്‍ 24നാണ് നിലമ്പൂര്‍ കരുളായി വനത്തില്‍ പൊലീസ് മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവരെ കൊലപ്പെടുത്തുന്നത്. എന്നാല്‍ ഏറ്റമുട്ടല്‍ കൊലപാതകമാണെന്ന പൊലീസ് വാദത്തെ എതിര്‍ത്ത് നിരവധി മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തുകയായിരുന്നു.

chandrika: