കോഴിക്കോട്: കോവിഡിനു ശേഷം നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് പുന:സ്ഥാപിച്ചപ്പോള്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന സ്റ്റോപ്പ് ഒഴിവാക്കിയതു മൂലം യാത്രക്കാര്‍ നേരിടുന്ന പ്രയാസം ചൂണ്ടിക്കാട്ടി എം.പി അബ്ദുല്‍സമദ് സമദാനി എം.പി സതേണ്‍ റെയില്‍വെ ജനറല്‍ മാനേജര്‍ക്ക് ഇമെയില്‍ സന്ദേശമയച്ചു.
കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന് ആണ് ആലുവ റെയില്‍വേ സ്റ്റേഷന്. കേരളത്തിലെ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷന് കൂടിയാണിത്. ഇവിടെ സ്റ്റോപ്പ് ഇല്ലാതാക്കിയത് യാത്രക്കാരെ പ്രയാസത്തിലാക്കുന്നു. വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ ഉണ്ടായിരുന്ന സൗകര്യമാണ് സ്റ്റോപ്പ് എടുത്തുകളഞ്ഞതിലൂടെ നഷ്ടമായത്. ആലുവയില്‍ രാജ്യറാണി എക്സ്പ്രസിന് ഉണ്ടായിരുന്ന സ്റ്റോപ്പ് ഉടന്‍ പുന:സ്ഥാപിച്ച് യാത്രക്കാരുടെ പ്രയാസം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു.