X

കുപ്പുദേവരാജിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് നിഷേധിച്ച അനുമതി സംഭവം; കലാപം ഒഴിവാക്കാനാണെന്ന് പോലീസ്

കോഴിക്കോട്: വര്‍ഗ്ഗീയ സംഘര്‍ഷം ഒഴിവാക്കുന്നതിനാണ് കുപ്പുദേവരാജിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നതിന് അനുമതി നിഷേധിച്ചതെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ പോലീസിനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് പോലീസ് ഇങ്ങനെ വിശദീകരണം നല്‍കിയത്.

കുപ്പുദേവരാജിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ യാതൊരു പ്രശ്‌നവും കൂടാതെ നടത്തേണ്ട ബാധ്യത പൊലീസിനുണ്ടായിരുന്നെന്നും എന്നാല്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചാല്‍ അത് വലിയൊരു വര്‍ഗീയ കലാപത്തിന് വഴിവെക്കുമായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. കുപ്പുരാജിന്റെ അനുയായികളെല്ലാം മുസ്‌ലിംകളാണ്. എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ആര്‍.എം.പി പ്രവര്‍ത്തകര്‍ ഇവരെല്ലാം കുപ്പുരാജിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ബി.ജെ.പിയുള്‍പ്പെടെയുള്ള മറ്റു രാഷ്ട്രീയപാര്‍ട്ടികളും ഹിന്ദു സംഘടനകളും പൊതുദര്‍ശനത്തിന് വെക്കുന്നത് തടയുമെന്നും നിലപാടെടുത്തിരുന്നു. ഇതൊരു വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് പോകുമെന്ന അവസ്ഥയിലാണ് പൊതുദര്‍ശനത്തിനുള്ള അനുമതി നിഷേധിച്ചതെന്നാണ് കോഴിക്കോട് കമ്മീഷണര്‍ ജയനാഥിന്റെ വിശദീകരണം. സംസ്‌കാര സമയത്ത് കുപ്പുദേവരാജിന്റെ സഹോദരന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുവലിച്ചത് സംസ്‌കാരം വൈകുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണെന്നും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലമ്പൂര്‍ വനത്തില്‍ രണ്ടു മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മൃതദേഹം പൊതുദര്‍ശനത്തിന് വെക്കണമെന്ന് കുപ്പുദേവരാജിന്റെ അനുയായികള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. പിന്നീട് മൃതദേഹം സംസ്‌ക്കരിക്കുന്ന സമയത്താണ് കുപ്പുദേവരാജിന്റെ സഹോദരന്റെ കോളറില്‍ പോലീസ് കുത്തിപ്പിടിച്ച് വലിച്ചത്. ഇത് വിവാദമായിരുന്നു.

chandrika: