X

നിലമ്പൂരില്‍ ആദിവാസികള്‍ സഞ്ചരിച്ച ജീപ്പ് ആന മറിച്ചിട്ടു; അഞ്ചു പേര്‍ക്ക് പരിക്ക്

നിലമ്പൂര്‍: കരുളായി ഉള്‍വനത്തിലെ മുണ്ടക്കടവ് പുലിമുണ്ടയില്‍ താമസിക്കുന്ന ആദിവാസികള്‍ സഞ്ചരിച്ച ജീപ്പിന് നേരെ ഒറ്റയാന്റെ ആക്രമം. രണ്ട് ആദിവാസി കുടുംബങ്ങളിലെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വാഹത്തില്‍ മൂന്ന് കുട്ടികളുണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

പുലിമുണ്ട കോളനിയിലെ ഹരിദാസ് (50) ഭാര്യ പ്രീതി (40), മകന്‍ സുരേന്ദ്രന്‍ (23), കോളനിയിലെ സുധാകരന്‍ (36), ഭാര്യ അമ്മിണി (33) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുധാകരന്റെ മക്കളായ അനുഷ (3), ആദിത്യന്‍ (2) ഹരിദാസിന്റെ മകന്‍ കൃഷ്ണകുമാര്‍ (12) എന്നിവരാണ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്.

ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. ഉച്ചക്കുളത്തുള്ള ബന്ധുവിനെ കാണാന്‍ പോവുന്നതിനിടെ പുലിമുണ്ടയില്‍ നിന്ന് മൂത്തേടം കല്‍ക്കുളത്തേക്കുള്ള വന പാതയില്‍ വെച്ചാണ് ആനയുടെ ആക്രമമുണ്ടായത്. വഴിയരികില്‍ പതുങ്ങിയിരുന്ന ഒറ്റയാന്‍ ജീപ്പ് അടുത്തെത്തിയോടെ മുന്നോട്ട് ചാടുകയും ജീപ്പ് മറിച്ചിടുകയുമായിരുന്നു.

മൂന്ന് തവണ മറിഞ്ഞാണ് ജീപ്പ് നിന്നതെന്ന് പരിക്ക് പറ്റിയവര്‍ പറഞ്ഞു. വാഹനത്തിലിരിക്കുന്നവരും ആനയെ കണ്ടിരുന്നില്ല. പരിക്ക് പറ്റിയ സുധാകരനാണ് ജീപ്പ് ഓടിച്ചിരുന്നത്.

പുലിമുണ്ട കോളനിയിലെ ചന്ദ്രബാബുവിന്റെ ജീപ്പാണ് ആന തകര്‍ത്തത്. രണ്ട് മാസം മുമ്പും വനപാതയിലെ മൂച്ചിക്കലില്‍ കാട്ടാന മറ്റൊരു വാഹനം തകര്‍ത്തിരുന്നു.

 

web desk 1: