കോഴിക്കോട്: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മാവോവാദി നേതാക്കള്‍ കുപ്പു ദേവരാജന്റെയും അജിതയുടെയും മൃതദേഹം അല്‍പസമയത്തിനകം പോസ്റ്റുമോര്‍ട്ടം ചെയ്യും. പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തിയായിരിക്കും പോസ്റ്റുമോര്‍ട്ടം. ഇരുവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ എത്തിച്ചു.
കുപ്പു ദേവരാജിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അറിയില്ലായെന്ന് അമ്മ അമ്മിണിയമ്മാള്‍ പറഞ്ഞു. തന്റെ മകന്‍ ദേവരാജ് നല്ല മനുഷ്യനായിരുന്നുവെന്നു. പൊലീസ് കൊന്നതാണോയെന്നും അറിവില്ലെന്നും അമ്മ പറഞ്ഞു. അജിതയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി സുഹൃത്തുക്കള്‍ കോഴിക്കോട്ട് എത്തിയിട്ടുണ്ട്. എന്നാല്‍ രക്തബന്ധമുള്ളവര്‍ക്കു മാത്രമേ മൃതദേഹം വിട്ടുനില്‍കുകയുള്ളൂവെന്ന നിലപാടിലാണ് പൊലീസ്.
വ്യാഴാഴ്ചയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പടുക്ക ഉള്‍വനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ രണ്ടു മണിക്കൂറോളം ചുമന്നും പിന്നീട് ആംബുലന്‍സിലുമാണ് പുറത്തെത്തിച്ചത്. ഏറ്റുമുട്ടല്‍ നടന്ന പടുക്ക ഈങ്ങാറിലെ മാവോവാദി താവളത്തില്‍ നിന്ന് 150ഓളം സിം കാര്‍ഡുകളും അഞ്ചു ലക്ഷം രൂപയും തോക്കും ബോംബ് നിര്‍മാണ സാമഗ്രികളും പൊലീസ് കണ്ടെടുത്തു. കൂടാതെ ഉള്‍വനത്തിലെ ക്യാമ്പില്‍ ഐപാഡ്, വൈഫൈ സംവിധാനങ്ങളടക്കം നൂതന വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ കണ്ടെത്തി. അതേസമയം ഏറ്റുമുട്ടലിനുശേഷം ചിതറിയോടിയ മാവോവാദികള്‍ക്കായി തണ്ടര്‍ബോള്‍ട്ടും പൊലീസും വനത്തില്‍ തിരച്ചില്‍ ശക്തമാക്കി. മാവോവാദികള്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഊട്ടിമേഖലയിലെ മുക്കുര്‍ത്തി വനമേഖലയിലേക്ക് ഇവര്‍ കടന്നതായാണ് സൂചന.