നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ വീണ് കൈയ്ക്ക് പരുക്കേറ്റ ആദിവാസിയായ ആറു വയസുകാരന് പരുക്കേല്‍ക്കാത്ത കൈയില്‍ ചികിത്സ നല്‍കി ഡോക്ടര്‍. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലാണ് സംഭവം. ചുങ്കത്തറ നെല്ലി പൊയില്‍ ആദിവാസി കോളനിയിലെ പുതുപറമ്പില്‍ ഗോപിയുടെ ആറു വയസുകാരനായ മകന്‍ വിമലിനാണ് വീണ് പരുക്കേറ്റത്.
കുട്ടിയെ ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഓര്‍ത്തോ വിഭാഗം ഡോക്ടറെയാണ് കാണിച്ചത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം പൊട്ടലുണ്ടായ വലത് കൈയുടെ എക്സ് റേയും എടുത്തു. പക്ഷെ പരിശോധനകള്‍ക്ക് ഒടുവില്‍ പരുക്ക് പറ്റിയ വലത് കൈയ്ക്ക് പകരം ഇടത് കൈയ്ക്ക് പ്ലാസ്റ്റര്‍ ഇട്ടാണ് കുട്ടിയെ ആശുപത്രിയില്‍ നിന്ന് മടക്കി അയച്ചത്.
പ്ലാസ്റ്റര്‍ മാറി ഇട്ട നിലയില്‍ വീട്ടില്‍ എത്തിയ കുട്ടി വലത് കൈ അനക്കാനാവാതെ കരഞ്ഞതോടെയാണ് പിഴവ് അറിയുന്നത്. വീണ്ടും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ചികിത്സ നല്‍കിയ ഡോക്ടര്‍ ഡ്യൂട്ടി സമയം കഴിഞ്ഞ് മടങ്ങിയിരുന്നു. ഒടുവില്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചാണ് പിഴവ് തിരുത്തിയത്.