ന്യൂയോര്‍ക്ക്: ജറൂസലം വിഷയത്തില്‍ യു.എന്‍ പൊതുസഭയിലേറ്റ കനത്ത തിരിച്ചടിയില്‍ അമേരിക്കയുടെ അസ്വസ്ഥത മാറുന്നില്ല. 2018 ജനുവരി മൂന്നിന് യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലി ഒരുക്കുന്ന ‘സൗഹൃദ വിരുന്നി’ലേക്ക് യു.എന്നില്‍ തങ്ങള്‍ക്കെതിരായി വോട്ട് രേഖപ്പെടുത്തി ഒരു രാജ്യത്തിന്റെയും പ്രതിനിധിയെ ക്ഷണിച്ചില്ല.
ഇസ്രാഈല്‍ തലസ്ഥാനമായി ജറൂസലം പ്രഖ്യാപിച്ച അമേരിക്കന്‍ നീക്കത്തിനെതിരായ പ്രമേയത്തെ എതിര്‍ത്തവരോ അഭിപ്രായം രേഖപ്പെടുത്താത്തവരോ അസംബ്ലിയില്‍ പങ്കെടുക്കാത്തവരോ ആയ 64 രാഷ്ട്ര പ്രതിനിധികളെയാണ് വിരുന്നിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ‘അമേരിക്കയുമായുള്ള സൗഹൃദത്തിന് നന്ദി’ രേഖപ്പെടുത്താനാണ് വിരുന്ന് എന്ന് ക്ഷണക്കത്തിലുണ്ട്.
സഖ്യ രാഷ്ട്രങ്ങളായ ബ്രിട്ടന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ യു.എന്നില്‍ അമേരിക്കയെ എതിര്‍ത്തിരുന്നു. ഇന്ത്യയും അറബ് രാജ്യങ്ങളും ഫലസ്തീന് അനുകൂലമായി തന്നെ വോട്ട് രേഖപ്പെടുത്തി. അമേരിക്കയില്‍ നിന്ന് സഹായം സ്വീകരിക്കുന്ന അഫ്ഗാനിസ്താന്‍, എത്യോപ്യ, ജോര്‍ദാന്‍, നൈജീരിയ, യമന്‍, ഇറാഖ്, പാകിസ്താന്‍, സോമാലിയ, കോംഗോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും അമേരിക്കക്കെതിരെയാണ് വോട്ട് രേഖപ്പെടുത്തിയത്. ഈ രാജ്യങ്ങളുമായുള്ള ബന്ധം പുനഃപരിശോധിക്കുമെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
യു.എന്‍ പൊതുസഭയില്‍ അമേരിക്കയെ ഒറ്റപ്പെടുത്തിയ ദിനം ഓര്‍ത്തുവെക്കുമെന്നും യു.എന്നിനും മറ്റ് രാജ്യങ്ങള്‍ക്കുമെതിരായ സമീപനങ്ങളില്‍ മാറ്റം വരുത്തുമെന്നും നിക്കി ഹാലി വോട്ടിങില്‍ പരാജയപ്പെട്ട ശേഷം പറഞ്ഞിരുന്നു. യു.എന്‍ എതിരായാലും ജറുസലമിലെ എംബസി നിര്‍മാണവുമായി മുന്നോട്ടു പോകുമെന്നും അവര്‍ പറഞ്ഞു.