ഫരീദാബാദ്; കോളേജിനു പുറത്ത് വിദ്യാര്‍ത്ഥിനിയെ വെടിവച്ചു കൊന്നു. ഹരിയാനയിലാണ് പരീക്ഷയെഴുതാന്‍ പോയ 21കാരിയെ പട്ടാപ്പകല്‍ വെടിവച്ചു കൊന്നത്. തിങ്കളാഴ്ച ഫരീദാബാദിലെ ബല്ലാബ്ഗഢിലുള്ള കോളജിനു പുറത്തുവച്ചാണ് സംഭവം. കൊമേഴ്‌സ് അവസാന വര്‍ഷ വിദ്യാര്‍ഥിയായ നികിതയാണ് കൊല്ലപ്പെട്ടത്. തൗസീഫ്, റെഹാന്‍ എന്നിവരാണ് പെണ്‍കുട്ടിയുടെ കൊലപാതകത്തിന് പിന്നില്‍.
തൗസീഫും സുഹൃത്ത് റെഹാനും കോളജിനു പുറത്ത് കാറില്‍ കാത്തിരിക്കുകയായിരുന്നു. യുവതിയെ ബലമായി കാറില്‍ കയറ്റാന്‍ തൗസീഫ് ശ്രമിച്ചു. നികിതയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും സിസിടിവി വിഡിയോയില്‍ കാണാന്‍ കഴിയും.
നികിത രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തൗസീഫ് പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ റെഹാന്‍ തൗസീഫിനെ വലിച്ചു കാറില്‍ കയറ്റി രക്ഷപ്പെട്ടു. തൗസീഫിനെ പിന്നീട് അറസ്റ്റ് ചെയ്തു. നികിത ആശുപത്രിയില്‍വച്ചു മരിച്ചു.
മകളുടെ പിന്നാലെ നടന്നു ശല്യപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി തൗസീഫിനെതിരെ 2018ല്‍ പരാതിപ്പെട്ടിരുന്നുവെന്ന് പിതാവ് പറഞ്ഞു. പിന്നീട് മകളുടെ പേരു മോശമാകുമല്ലോ എന്നു വിചാരിച്ചു പരാതി പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ അവര്‍ മകളെ കൊന്നുകളഞ്ഞുവെന്നും പിതാവ് പ്രതികരിച്ചു. 2018ലെ പരാതി പൊലീസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഫരീദാബാദ്മഥുര ദേശീയപാത നാട്ടുകാര്‍ ഉപരോധിച്ചു.