സുല്‍ത്താന്‍ ബത്തേരി: യാത്ര നിരോധനപ്രശ്‌നം പരിഹരിക്കാന്‍ 10.2.19 ല്‍ നടന്ന സംസ്ഥാന സെക്രട്ടറിമാരുടെ യോഗത്തിന്റെ മിനുട്‌സ് പ്രകാരം ബദല്‍പാത അംഗീകരിച്ച് രാത്രിയാത്ര നിരോധനം തുടരണം എന്ന നിരീക്ഷണമാണ് സുപ്രീംകോടതി ഉത്തരവില്‍ ഉള്ളത്. കേരള സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് വന്ന ഗുരുതരമായ വീഴ്ചയാണ് ഇതിന് കാരണം. 10.2.19 ന് നടന്ന സംസ്ഥാന സെക്രട്ടറിമാരുടെ മീറ്റിങ്ങില്‍ കുട്ട-ഗോണികുപ്പ ബദല്‍പാതയാണ് പ്രധാനമായും ചര്‍ച്ചക്ക് വന്നത്. എന്നാല്‍ കേരള സര്‍ക്കാരിന്റെ പ്രതിനിധികള്‍ ഗോണികുപ്പ ബദല്‍പാത 25 കിലോമീറ്റര്‍ വന്യജീവിസാങ്കേതത്തിലൂടെ കടന്ന് പോകുന്ന പാതയാണെന്ന് ചൂണ്ടികാണിച്ച് അതിനെ എതിര്‍ത്തില്ല.
സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ 12.3.18 ല്‍ നടന്ന മീറ്റിങ്ങിലും കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഗോണികുപ്പ ബദല്‍ പാതക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഗോണികുപ്പ ബദല്‍ പാത നാലുവരിയാക്കണമെന്നും ദേശീയ പാത നിരോധനത്തിന് പകരമായി തലശ്ശേരി-മൈസൂര്‍ റെയില്‍പാത അനുവദിക്കണമെന്നും നിരോധനം വൈകീട്ട് 6 മണി മുതല്‍ 6 വരെയാക്കി ദീര്ഘിപ്പിക്കണമെന്നും മേല്‍പ്പാലങ്ങളും അടിപ്പാതയും പ്രായോഗികമല്ലെന്ന നിലപാടാണ് എടുത്തത്. ഈ നിലപാടിനെതിരെ റെയില്‍വേ ആക്ഷന്‍ കമ്മിറ്റി സമരം ചെയ്തപ്പോഴാണ് നിലപാട് തിരുത്തി കത്ത് കൊടുക്കാമെന്ന് സമ്മതിച്ചത്. ഗോണികുപ്പ ബദല്‍പാതക്ക് അനുകൂലമായ കേരള സര്‍ക്കാരിന്റെ ഉദ്യോഗസ്ഥ നിലപാട് മാത്രമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇത് വരെയായി കുട്ട-ഗോണികുപ്പ ബദല്‍ പാത പ്രായോഗികമല്ല എന്ന നിലപാട് കേരളം പറഞ്ഞിട്ടില്ല. കേസ് നടത്തിപ്പില്‍ ബോധപൂര്‍വമായാ വീഴ്ചകള്‍ വരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കടുവ സാങ്കേതങ്ങളുടെ കോര്‍ ഏരിയയില്‍ ഒരു കടന്നുകയറ്റവുമില്ലാതെ സംരക്ഷിക്കണം എന്ന നിയമം ചൂണ്ടിക്കാട്ടിയാണ് ദേശീയപാത 766 പൂര്‍ണ്ണമായി അടച്ചു പൂട്ടാന്‍ സുപ്രീംകോടതി ഉദ്ദേശിക്കുന്നത്. കര്‍ണാടക തമിഴ്‌നാട് സര്‍ക്കാരുകളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും രാത്രിയാത്ര നിരോധനത്തെ അനുകൂലിക്കുന്നതിനാല്‍ രാഷ്ട്രീയ ഇടപെടലുകളിലൂടെ വനം പരിസ്ഥിതി മന്ത്രാലയത്തെ കൊണ്ട് ദേശീയപാത പൂര്‍ണമായി അടക്കുക എന്ന നിര്‍ദ്ദേശത്തിന് എതിര്‍പ്പ് രേഖപ്പെടുത്തിയാലും രാത്രിയാത്ര നിരോധനം തുടരുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തില്‍ ദേശീയപാത 766 ല്‍ 24 മണിക്കൂറും തടസ്സമില്ലാതെ ഗതാഗതം നടത്തുന്നത് സംബന്ധിച്ച് പഠിക്കാന്‍ കേരള സര്‍ക്കാര്‍ നിര്‍ദേശിച്ച നാഷണല്‍ ട്രാന്‍സ്‌പോര്‍ട് പ്ലാനിങ് ആന്റ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക് )റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് പ്രസക്തിയേറുന്നുണ്ട്. ബത്തേരി മൂലങ്കാവില്‍ നിന്ന് തുടങ്ങി ഗുണ്ടേല്‍പെട്ടക്കടുത്ത് ബേഗൂരില്‍ എത്തുന്ന ബൈപ്പാസ് റോഡ് നിര്മിക്കണമെന്നായിരുന്നു കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം പഠനം നടത്തിയ നാറ്റ്പാക് നിര്‍ദ്ദേശം.
ഈ റോഡിന് വെറും 38 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ.കോഴിക്കോട് മൈസൂര്‍ ദൂരം 20 കിലോമീറ്റര്‍ ദൂരം കുറക്കാന്‍ സാധിക്കുന്ന പാതയാണ്.കടുവ സങ്കേതത്തില്‍ 6 കിലോമീറ്ററൂം 3 കിലോമീറ്ററൂം മാത്രമേ ഈ പാത കടന്ന് പോകുന്നുള്ളൂ.വയനാട്ടില്‍ നിന്ന് മൈസൂരിലേക്ക് കടുവ സങ്കേതത്തിലൂടെയല്ലാതെ ഒരു റോഡും കടന്ന് പോകാത്തതിനാലും ഗോണികുപ്പ ബദല്‍പാത 12 കിലോമീറ്റര്‍ കടുവ സാങ്കേതത്തിലൂടെ കടന്ന് പോകാത്തതിനാലും ഗൂഡല്ലൂര്‍-മൈസൂര്‍ ദേശീയപാത സുപ്രീംകോടതി പൂര്‍ണമായും നിരോധിക്കാത്തതിനാലും ഈ ബൈപ്പാസിന് അനുമതി ലഭിക്കാന്‍ സാധ്യത ഏറെയാണ്. കുട്ട- ഗോണികുപ്പ പാത ദേശീയപാത 766 ന് ബദലല്ലെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെടാനും നാറ്റ്പാക് റിപ്പോര്‍ട്ടിന് അംഗീകാരം വാങ്ങാനും കേരള സര്‍ക്കാര്‍ തയ്യാറാവണം.അതിനായ് ശക്തമായ ഇടപെടലുകളും സമരങ്ങളും നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങണമെന്ന് ആക്ഷന്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.
കോഴിക്കോട്-കൊല്ലഗല്‍ യാത്രനിരോധന പ്രശ്‌നം ദിശ തെറ്റിക്കുന്ന സമര മാര്‍ഗ്ഗങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി റയില്‍വേ ആക്ഷന്‍ കമ്മിറ്റി. സുപ്രീം കോടതി വിധി മനസ്സിലാക്കിയുള്ള പ്രശ്‌ന പരിഹാരങ്ങള്‍ക്ക് സര്‍വ്വകക്ഷി സമിതി ശ്രമിക്കണം. ദിശാബോധത്തോടെ നടത്തുന്ന എല്ലാ സമരങ്ങള്‍ക്കും റയില്‍വേ കമ്മിറ്റിയുടെ പിന്തുണയുണ്ടാകും.പുതിയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചവര്‍ സുപ്രീംകോടതി യുടെ വിധി പുനഃ പരിശോധന നടത്തണം. പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിച്ച കാര്യങ്ങള്‍ മുഴുവനും വാസ്തവ വിരുദ്ധമാണ്. റയില്‍വേ ആക്ഷന്‍ കമ്മിറ്റിയുമായി ഒന്ന് ചര്‍ച്ച ചെയ്യാന്‍ പോലും ഇവര്‍ തയ്യാറാവുന്നില്ല. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയോട് കൂടി ജനകീയ പരിപാടികളും പ്രക്ഷോഭങ്ങളും നടത്തുമെന്ന് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഡ്വ.ടിഎം റഷീദ്, അഡ്വ.പി വേണുഗോപാല്‍, വിനയകുമാര്‍ അഴിപ്പുറത്ത്, മോഹന്‍ നവരംഗ് എന്നിവര്‍ പങ്കെടുത്തു.