കല്‍പ്പറ്റ: ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം പരിഹരിക്കുന്നതിനുവേണ്ടി പുതിയ പരിഹാരവുമായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ (മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേസ്) നിര്‍ദ്ദേശം.
ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന 19 കി.മീ ഹൈവേയില്‍ 5 സ്ഥലങ്ങളില്‍ ഒരു കിലോമീറ്റര്‍ വീതം ദൈര്‍ഘ്യമുള്ള മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാനും ബാക്കി ഭാഗം റോഡിന് ഇരുവശവും വേലികെട്ടി വേര്‍തിരിക്കാനും കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.നിര്‍ദ്ദേശം നീലഗിരി-വയനാട് എന്‍.എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മറ്റി സ്വാഗതം ചെയ്തു.
ഏകദേശം 450 കോടി രൂപയാണ് ഇതിന് വരുന്ന ചിലവ് . ഈ തുക കേരള-കര്‍ണ്ണാടക സര്‍ക്കാരുകളോട് വഹിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബദല്‍പാത പ്രായോഗികമല്ലായെന്ന നിഗമനവും കേന്ദ്ര ഗതാഗതമന്ത്രാലയത്തിനുണ്ട്. റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ സെക്രട്ടറി തന്നെയാണ് രാത്രിയാത്രാ നിരോധനപ്രശ്‌നം പഠിക്കുന്നതിനുവേണ്ടി സുപ്രീം കോടതി നിയോഗിച്ച കമ്മറ്റിയുടേയും അദ്ധ്യക്ഷന്‍. ഈ കമ്മറ്റിയുടെ മുമ്പാകെ ആക്ഷന്‍ കമ്മറ്റി ദേശീയപാതയിലെ ആനത്താരകളില്‍ മേല്‍പ്പാലങ്ങളും മറ്റിടങ്ങളില്‍ ജൈവപാലങ്ങളും നിര്‍മ്മിക്കുന്നതു സംബന്ധിച്ച് വിശദമായ പഠനറിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആക്ഷന്‍ കമ്മറ്റിയുടെ ഈ നിര്‍ദ്ദേശമാണ് ഇപ്പോള്‍ പരിഗണിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തോട് ക്രീയാത്മകമായി പ്രതികരിക്കാന്‍ കേരള-കര്‍ണ്ണാടക സര്‍ക്കാരുകളും പരിസ്ഥിതി പ്രവര്‍ത്തകരും തയ്യാറാകണമെന്ന് നീലഗിരി-വയനാട് എന്‍.എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മറ്റി അഭ്യര്‍ത്ഥിച്ചു. ഏകദേശം 225 കോടി രൂപയാണ് കേരള സര്‍ക്കാരിന് ഈ നിര്‍ദ്ദേശം നടപ്പാക്കാന്‍ ചിലവു വരിക. ഈ പണം മുടക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം. സ്വകാര്യ സംരംഭകരെ കണ്ടെത്തി ടോള്‍ പിരിവിലൂടെയും ഇതിനാവശ്യമായ തുക കണ്ടെത്താം. കേസ്സില്‍ കക്ഷിയായ ആക്ഷന്‍ കമ്മറ്റി സുപ്രീം കോടതിയില്‍ ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനെ പിന്താങ്ങാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്നും ആക്ഷന്‍ കമ്മറ്റി അഭ്യര്‍ത്ഥിച്ചു. ബദല്‍പാതക്കുവേണ്ടി പിടിമുറുക്കിയ ഒരു കച്ചവട-റിയല്‍ എസ്റ്റേറ്റ് ലോബിയായിരുന്നു രാത്രിയാത്രാ നിരോധനം നീക്കുന്നതു സംബന്ധിച്ച പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ മുന്നില്‍ നിന്നത്. എന്നാല്‍ വയനാട് വന്യജീവി സങ്കേത്തിലൂടേയും നാഗര്‍ഹോളെ ദേശീയോദ്യാനത്തിലൂടേയും കടന്നുപോകുന്ന ബദല്‍പാത പ്രായോഗികമല്ലായെന്ന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിഞ്ഞത് ആശാവഹമാണ്. ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പരിഹാരമാര്‍ഗ്ഗം വന്യജീവികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലുള്ളതാണ്. പകല്‍ സമയത്ത് വന്യമൃഗങ്ങള്‍ക്ക് റോഡ് മുറിച്ചു കടക്കാനുള്ള ബുദ്ധിമുട്ടിനും ഈ നിര്‍ദ്ദേശം പരിഹാരമാണ്. ആയതിനാല്‍ ഇത് അംഗീകരിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകരും തയ്യാറാവണമെന്ന് ആക്ഷന്‍ കമ്മറ്റി അഭ്യര്‍ത്ഥിച്ചു. രാത്രിയാത്ര നിരോധനം നിക്കുന്നതിനാവിശ്യമായ നടപടിക്രമങ്ങള്‍ നടത്തേണ്ട സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ മൗനം പാലിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സുല്‍ത്താന്‍ ബത്തേരി വ്യാപാരി യൂത്ത് പ്രതിനിധികള്‍ പറഞ്ഞു.
- 6 years ago
chandrika
Categories:
Video Stories
രാത്രിയാത്രാ നിരോധനം; പുതിയ പരിഹാരവുമായി കേന്ദ്രം
Tags: ghat roadwayanad hairpin